
തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം. കണ്ണൂർ തീരത്തുനിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ വീണ്ടും ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങും. കേരളത്തിലെ വടക്കൻ ജില്ലകളിൽ വരുന്ന മണിക്കൂറിൽ കാറ്റും മഴയും ഇനിയും ശക്തിപ്പെടുമെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഞ്ച് ജില്ലകളിലാണ് റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കേരളത്തിലുടനീളം കനത്ത മഴയും ശക്തമായ കാറ്റും വലിയ നാശനഷ്ടങ്ങളുമാണ് റിപ്പോർട്ട് ചെയ്യുന്നത് . തീരദേശങ്ങളിൽ അതിശക്തമായ കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്. കാസർകോട് രാവിലെ മുതൽ കനത്ത മഴയാണ്. ചേരങ്കൈ കടപ്പുറം ഭാഗത്ത് വീടുകളിലേക്ക് കടൽ വെള്ളം കയറി. മുസോടി തീരത്ത് വീടുകൾ നിലംപൊത്തി
തുടര്‍ന്ന് വായിക്കാം: കാസര്‍കോട് മുസോടിയിൽ രൂക്ഷമായ കടൽക്ഷോഭം; ഇരുനില വീട് തകര്‍ന്നടിഞ്ഞു, ദൃശ്യങ്ങൾ...
പാലക്കാട് ഒഴികെ 5 വടക്കൻ ജില്ലകളിൽ റെഡ് അലർട്ടാണ്. കണ്ണൂരിന്റെ മലയോര മേഖലയിലടക്കം കാറ്റും മഴയും കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളടക്കം സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ മഴ തുടരുകയാണ്. കടലാക്രമണം ശക്തമായതോടെ കടലുണ്ടി, കൊയിലാണ്ടി, ബേപ്പൂർ തുടങ്ങിയ മേഖലകളിൽ നിന്ന് നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. എൻഡിആര്‍എഫ് സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മലപ്പുറം നിലമ്പൂർ ചുങ്കത്തറ കൈപനിയിൽ താൽക്കാലിക പാലം ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തിൽ പാലം തകർന്നതിനെത്തുടർന്ന് താൽക്കാലികമായി നിർമിച്ച പാലം ആണ് ഒലിച്ച് പോയത്.
തീരദേശ മേഖലയിലാകെ കനത്ത കാറ്റും മഴയും കടഷക്ഷോഭവും ദുരിതം വിതയ്ക്കുകയാണ്. ചാവക്കാടും കൊടുങ്ങല്ലൂരും തീരദേശ മേഖലയിൽ സ്ഥിതി ഗുരുതരമാണ്. നിരവധി പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി.ചെല്ലാനത്തും കടൽക്ഷോഭം രൂക്ഷമായിവീടുകളിലേക്ക് വീണ്ടു വെള്ളം കയറി തുടങ്ങി. ദുരന്ത നിവാരണ സേനയും പൊലീസും കമ്പനിപ്പടി, ബസാർ മേഖലകളിൽ ക്യാമ്പ് ചെയ്യുകയാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായ പ്രദേശങ്ങളായത് കൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനത്തിനും വലിയ വെല്ലുവിളി നേരിടുന്നുണ്ട്. തിരുവനന്തപുരം വലിയതുറ കടൽ പാലത്തിൽ വിള്ളൽ കണ്ടതിനെ തുടര്‍ന്ന് അടച്ച് പൂട്ടി. എറണാകുളം പളളുരുത്തിയില്‍ 24 മണിക്കൂറിനിടെ 208 മില്ലിമീറ്റർ അതിതീവ്ര മഴയാണ് പെയ്തത്.
തുടർന്ന് വായിക്കാം: മഴ ശക്തം, ഇടുക്കിയിൽ കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു, കൺട്രോൾ റൂം വിവരങ്ങൾ ഇങ്ങനെ...
തൃശൂര്‍ താണിശ്ശേരി പാലത്തിന് സമീപം വലിയ മരം കടപുഴകി വീണു. കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിൽ ആണ് അപകടം നടന്നത്. പടുകൂറ്റൻ തണൽമരം വേരുകൾ കടപുഴകി നിലംപൊത്തുകയായിരുന്നു. സമീപത്തുള്ള യൂണിയൻ ഓഫീസും തട്ടുകടയ്ക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. 11 കെവി ലൈനിന് മുകളിലൂടെയാണ് മരം വീണത്. പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്. പുഴകളില്‍ നീരൊഴുക്ക് കൂടി. പാലക്കാട് വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ തുറക്കുമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വയനാട്ടിലെ മാനന്തവാടി, ബത്തേരി, പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കുകളില്‍ കനത്ത കാറ്റില്‍ കൃഷി നാശമുണ്ടായി
കോട്ടയത്തും കനത്ത മഴ നാശനഷ്ടമാണ് ഉണ്ടാക്കിയത്. പാലാ കരൂര്‍ മേഖലയില്‍ കൊടുംകാറ്റിൽ
വ്യാപകനാശം സംഭവിച്ചു.നിരവധി വന്‍മരങ്ങള്‍ നിലംപൊത്തി. റബ്ബര്‍ മരങ്ങളും മറ്റും കടപുഴകി. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തകര്‍ന്നു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. നിരവധി വീടുകള്‍ക്കു കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്.
പത്തനംതിട്ട മണിയാർ അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്തി.4 ഷട്ടറുകൾ 20 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്.ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാനാണ് പരമാവധി സംഭരണശേഷി യിലെത്തുന്നതിനു മുമ്പ് ഷട്ടറുകൾ തുറന്നത്.പമ്പയുടേയും കക്കാട്ടാറിൻറെയും തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയരുന്നു. അച്ചൻകോവിലിലും മണിമലയിലും ജാഗ്രത പാലിക്കേണ്ടതിനേക്കാൾ ഉയർന്ന ജലനിരപ്പ്. നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകി.
കൊല്ലത്ത് മഴ കുറഞ്ഞെങ്കിലും കടൽ പൂർണമായും ശാന്തമായിട്ടില്ല. ഇന്നലെ ശക്തമായ കടൽ കയറിയ ആലപ്പാട് പഞ്ചായത്തിലുക്കം കരുനാഗപ്പള്ളി താലൂക്കിൽ 14 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. എൻ ഡിആർ എഫ് സംഘത്തെയും ആലപ്പാട് വിന്യസിച്ചു.ഓറഞ്ച് അലർട്ട് ജില്ലയിൽ തുടരുകയാണ്.
കാലവർഷക്കെടുതിയുടെ ഭാഗമായി വ്യാപകമായി വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ, പ്രത്യേക എമർജൻസി നമ്പറായ 9496010101 ലോ അറിയിക്കേണ്ടതാണെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam