
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുന മർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട വിഫ ചുഴലിക്കാറ്റ് ദുർബലമായി വടക്കൻ ബംഗാൾ ഉൾകടലിൽ പ്രവേശിച്ചു. ന്യുനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ച് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഒഡിഷ പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതോടെ കേരളത്തിൽ തിങ്കളാഴ്ച വരെ വീണ്ടും മഴ/ കാറ്റ് ശക്തി പ്രാപിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞപോയ ശക്തമായ മഴ ദിവസങ്ങളെ അപേക്ഷിച്ചു ഇത്തവണ യഥാർത്ഥ പടിഞ്ഞാറൻ കാറ്റായി വീശാനാണ് സാധ്യത. ന്യുനമർദ്ദം ശക്തി കൂടി തീരത്തോട് അടുക്കുന്നതിന് അനുസരിച്ച് കേരള തീരത്തും കാറ്റ് ശക്തിപെട്ടാൽ മലയോര മേഖലയിൽ ഇത്തവണ കൂടുതൽ ജാഗ്രത വേണ്ടി വരും. പ്രത്യേകിച്ച് ശനി, ഞായർ ദിവസങ്ങളിൽ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. പ്രതീക്ഷിച്ചത് പോലെ സംഭവിച്ചാൽ മഴയോടൊപ്പം ഇത്തവണ കാറ്റും വില്ലനാകും. തുടക്കത്തിൽ മധ്യ തെക്കൻ കേരളത്തിലും തുടർന്ന് വടക്കൻ ജില്ലകളിലും മഴ / കാറ്റ് ശക്തമായേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്.
പ്രളയ സാധ്യത മുന്നറിയിപ്പ്
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്‍റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
ഓറഞ്ച് അലർട്ട്
പത്തനംതിട്ട : അച്ചൻകോവിൽ (കല്ലേലി, കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ട്ര സ്റ്റേഷൻ)
മഞ്ഞ അലർട്ട്
പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷൻ, മാടമൺ സ്റ്റേഷൻ -CWC), അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ) -CWC, മണിമല (കല്ലൂപ്പാറ സ്റ്റേഷൻ -CWC)
കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam