ചക്രവാതചുഴി രൂപപ്പെട്ടു, നാളെ പുതിയ ന്യൂനമ‍ർദ്ദവും; കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ, 7 ജില്ലകളിൽ നാളെ യെല്ലോ അല‍ർട്ട്

Published : Sep 24, 2025, 02:28 PM IST
cyclonic circulation

Synopsis

വടക്കു - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഗംഗ തട പശ്ചിമ ബംഗാളിനും, മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്.  മ്യാന്മാർ തീരപ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള കിഴക്കൻ - മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. സെപ്റ്റംബർ 24 മുതൽ 27 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ഒഡിഷ, വടക്കു - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഗംഗ തട പശ്ചിമ ബംഗാളിനും, മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇതു ദുർബലമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

അതേസമയം മ്യാന്മാർ തീരപ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള കിഴക്കൻ - മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് പടിഞ്ഞാറ് ദിശയിലേക്ക് ക്രമേണ നീങ്ങി സെപ്റ്റംബർ 25-ന് വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്ന്, ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും, സെപ്റ്റംബർ 26-ഓടെ തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള വടക്കുപടിഞ്ഞാറൻ, അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ - മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി (Depression) ആയി വീണ്ടും ശക്തിപ്പെടാനുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

സെപ്റ്റംബർ 27-ഓടെ ഇത് തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാപ്രദേശ് തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അല‍ർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലും 26ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എണാകുളം, തൃശൂർ ജില്ലകളിലും, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍‍കോട് ജില്ലകളിലും യെല്ലോ അല‍ർട്ടാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു