
ബെംഗളൂരു: കർണാടക നിയമസഭയിൽ ആർഎസ്‌എസിന്റെ പ്രാർത്ഥനാ ഗാനം ആലപിച്ചതിന് കോണ്‍ഗ്രസിനുള്ളിൽ നിന്ന് തന്നെ വിമർശനം ഉയർന്ന സാഹചര്യത്തിൽ, മാപ്പ് പറയാൻ തയ്യാറാണെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. അടിയുറച്ച കോൺഗ്രസുകാരൻ എന്ന നിലയിൽ ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസുകാർക്കും ഇന്ത്യ സഖ്യത്തിലെ നിരവധി രാഷ്ട്രീയ പാർട്ടി സുഹൃത്തുക്കൾക്കും തന്‍റെ നടപടി കാരണം വേദനിച്ചെന്ന് അറിയുന്നു. മാപ്പ് പറയാനും താൻ തയ്യാറാണെന്ന് ശിവകുമാർ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗാന്ധി കുടുംബത്തോടുള്ള തന്റെ വിശ്വസ്തതയും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. നിയമസഭയിൽ ഒരു "പാസിംഗ് റഫറൻസ്" മാത്രമാണ് താൻ നടത്തിയതെന്നും ഡി കെ ശിവകുമാർ വിശദീകരിച്ചു.
കോൺഗ്രസ് പാർട്ടിയോടും ഗാന്ധി കുടുംബത്തോടുമുള്ള തന്റെ വിശ്വസ്തതയെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് ശിവകുമാർ അവകാശപ്പെട്ടു. താൻ ജനിച്ചത് കോൺഗ്രസുകാരനായിട്ടാണ്. താൻ ഒരു കോൺഗ്രസുകാരനായിത്തന്നെ മരിക്കുമെന്നും ശിവകുമാർ വ്യക്തമാക്കി. ഓഗസ്റ്റ് 21 ന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കും തിരക്കും സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് ശിവകുമാർ ആർഎസ്‌എസ് പ്രാർത്ഥനാ ഗാനമായ 'നമസ്തേ സദാ വത്സലേ'യിലെ രണ്ട് വരികൾ ചൊല്ലിയത്.
ബിജെപി അംഗങ്ങൾ അദ്ദേഹത്തിന്റെ പ്രവൃത്തിയെ പ്രശംസിച്ചെങ്കിലും കോണ്‍ഗ്രസിനുള്ളിൽ വിമർശനം ഉയർന്നു. ഉപമുഖ്യമന്ത്രി എന്ന നിലയിൽ ശിവകുമാർ പ്രാർത്ഥന ചൊല്ലുന്നതിൽ എതിർപ്പില്ല. സർക്കാർ എല്ലാവരുടേതുമാണ്. എന്നാൽ കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം ആർഎസ്എസ് പ്രാർഥന ചൊല്ലിയതിൽ ക്ഷമ ചോദിക്കേണ്ടിവരുമെന്ന് കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ് പറഞ്ഞു. അതേസമയം ആർഎസ്എസ് ഗാനം ആലപിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് മറ്റൊരു കോൺഗ്രസ് എംഎൽഎ എച്ച്ഡി രംഗനാഥ് പറഞ്ഞു. ശിവകുമാറിന് പിന്നാലെ രംഗനാഥും ആർഎസ്എസ് ഗാനമായ ‘നമസ്തേ സദാ വത്സലേ’യെ പുകഴ്ത്തി രംഗത്തെത്തി.
"നമ്മൾ ജനിച്ച മണ്ണിനെ വന്ദിക്കണമെന്ന് അതിൽ പറയുന്നു. അതിൽ ഒരു തെറ്റും കാണുന്നില്ല. നമ്മുടേത് ഒരു മതേതര പാർട്ടിയാണ്. മറ്റുള്ളവരിൽ നിന്ന് നല്ല കാര്യങ്ങൾ സ്വീകരിക്കണം"- രംഗനാഥ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam