ഏത് രാഷ്ട്രീയ യജമാനന്‍റെ മനസാണ് വി സി കടലാസില്‍ കോറിയിട്ടത്? ഡിലിറ്റ് വിവാദം കടുപ്പിച്ച് ബിജെപി

Published : Jan 09, 2022, 10:50 AM IST
ഏത് രാഷ്ട്രീയ യജമാനന്‍റെ മനസാണ് വി സി കടലാസില്‍ കോറിയിട്ടത്? ഡിലിറ്റ് വിവാദം കടുപ്പിച്ച് ബിജെപി

Synopsis

ദളിത് കുടുംബത്തില്‍ ജനിച്ചതാണോ രാംനാഥ് കോവിന്ദിന് മഹാദേവന്‍ പിള്ള കാണുന്ന അയോഗ്യത. സിന്‍ഡിക്കേറ്റ് അംഗങ്ങളോട് ഫോണില്‍ വിളിച്ച് അഭിപ്രായം തേടുന്നത് ഏത് ചട്ടപ്രകാരമാണെന്നും മഹാദേവന്‍ പിള്ള വ്യക്തമാക്കണം

കോഴിക്കോട്: ഇന്ത്യയുടെ രാഷ്ട്രപതിയെ ആദരിക്കാനാവില്ലെന്ന് കത്തുകൊടുത്ത കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നാടിന് അപമാനമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഏത് രാഷ്ട്രീയ യജമാനന്‍റെ മനസാണ് വി സി വെള്ളക്കടലാസില്‍ കോറിയിട്ടതെന്ന് മുരളീധരൻ ചോദിച്ചു. ദളിത് കുടുംബത്തില്‍ ജനിച്ചതാണോ രാംനാഥ് കോവിന്ദിന് മഹാദേവന്‍ പിള്ള കാണുന്ന അയോഗ്യത. സിന്‍ഡിക്കേറ്റ് അംഗങ്ങളോട് ഫോണില്‍ വിളിച്ച് അഭിപ്രായം തേടുന്നത് ഏത് ചട്ടപ്രകാരമാണെന്നും മഹാദേവന്‍ പിള്ള വ്യക്തമാക്കണം. സിന്‍ഡിക്കേറ്റ് യോഗം വിളിക്കാതെ കടലാസില്‍ കുത്തിക്കുറിച്ച് കത്തുനല്‍കാന്‍ ഇദ്ദേഹത്തിന് ആരാണ് അധികാരം നല്‍കിയത്.

ഞാനൊന്നുമറിഞ്ഞില്ലേ എന്ന തട്ടിപ്പ് ഉന്നത വിദ്യാഭ്യാസ മന്ത്രി അവസാനിപ്പിക്കണമെന്നും മുരളീധരൻ വിമർശിച്ചു. റോളൊന്നുമില്ലെങ്കില്‍ ഈ വി സിയെ പുറത്താക്കണമെന്ന് ചാന്‍സലറോട് ആവശ്യപ്പെട്ട് ഒരു കത്തെഴുതാന്‍ ശ്രീമതി ബിന്ദു തയ്യാറാകണം. ഇന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ കുഴലൂത്തുനടത്തുകയാണ് വി ഡി സതീശൻ ചെയ്യുന്നതെന്ന് പറഞ്ഞ വി മുരളീധരൻ വൈസ് ചാന്‍സലറെ വിളിച്ചുവരുത്താനും വാക്കാല്‍ ശുപാര്‍ശ ചെയ്യാനുമുള്ള അധികാരം ചാന്‍സലര്‍ക്കുണ്ടെന്നും ഓർമ്മിപ്പിച്ചു.

പ്രഥമപൗരനെ അവഹേളിച്ചതുവഴി ഈ രാജ്യത്തെയാണ് മഹാദേവന്‍ പിള്ളയും അയാളുടെ രാഷ്ട്രീയ മേലാളന്‍മാരും അവഹേളിച്ചത്. അക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, രാഷ്ട്രപതിയുടെ ഡിലിറ്റ് വിവാദത്തെ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. വിവാദത്തിൽ വിസിയുടെ ഗവർണർക്കുള്ള കത്ത് പുറത്തായതോടെയാണിത്. വിഷയത്തിൽ രാജ്ഭവന്റെ വിശ്വാസ്യത ചോദ്യംചെയ്ത് സിപിഎം രംഗത്തെത്തി.

ഗവർണറുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ പുറത്തായെന്നാണ് സിപിഎം നിലപാട്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതിനെ സിപിഎം എതിർത്തിരുന്നു. രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഷ്ട്രപതിയായ രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നൽകേണ്ടതില്ലെന്നായിരുന്നു സിപിഎം നേതൃത്വം സിൻഡിക്കേറ്റിലെ പാർട്ടി പ്രതിനിധികളെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് വി സി ഗവർണറെ നേരിൽക്കണ്ട് കത്ത് നൽകിയത്. ഡിലിറ്റ് വിവാദത്തിൽ വി സി ഡോ. മഹാദവൻ പിള്ള ചാൻസലർക്ക് നൽകിയ കത്ത് പുറത്താകും വരെയും, പോര് ഗവർണറും പ്രതിപക്ഷ നേതാവും തമ്മിലായിരുന്നു. വെറും കാഴ്ചക്കാരുടെ റോളിലായിരുന്നു സർക്കാർ.

പ്രതികരണം നൽകാതെ സർക്കാർ മാറിനിന്നപ്പോഴും ഡിലിറ്റ് നൽകാൻ ആവശ്യപ്പെട്ടിരുന്നോയെന്ന് ഗവർണർ തന്നെ വ്യക്തമാക്കണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പ്രതികരിച്ചത്. വിസി ഗവർണർക്ക് നൽകിയ മറുപടി കത്ത് പുറത്തായതിന് പിന്നാലെ ഒഴിഞ്ഞ് മാറിയ സർക്കാരും തെളിവ് ആവശ്യപ്പെട്ട സിപിഎമ്മും മറുപടി പറയേണ്ട സ്ഥിതിയിലായി.

സിൻഡിക്കേറ്റ് ചേർന്ന് ഔദ്യോഗികമായി തീരുമാനമെടുക്കാതെ വി സി ഗവർണർക്ക് മറുപടി നൽകിയത് വിവാദങ്ങൾ ഒഴിവാക്കാനാണ്. തന്ത്രം മനസിലാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിടിച്ച പിടിയാലെ വിസിയിൽ നിന്നും മറുപടി എഴുതി വാങ്ങി. ഒടുവിൽ പഴി വിസിക്കാണെങ്കിലും കത്തിലെ ഉള്ളടകത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിയോജിപ്പ് പരാമർശിക്കുന്നു. എഴുതി നൽകിയ മറുപടിയിൽ വിസിക്ക് ഗവർണറെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നിരിക്കെ സിൻഡിക്കേറ്റ് വിയോജിപ്പിൽ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നുവെന്നും വ്യക്തം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ, നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം
ദേശീയപാത ഉദ്ഘാടനത്തിൽ ബിജെപി അധ്യക്ഷൻ എന്തിനാണ് ?, ക്രെഡിറ്റ് തട്ടിയെടുക്കാൻ ബിജെപി ശ്രമിക്കുന്നു, കേരളത്തെ അപമാനിക്കുന്നുവെന്നും മുഹമ്മദ് റിയാസ്