Kerala Rains| ദലൈലാമ ട്രസ്റ്റ് കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 11 ലക്ഷം രൂപ നൽകും

By Web TeamFirst Published Oct 18, 2021, 10:18 PM IST
Highlights

കേരളത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം ജീവനും സ്വത്തിനും സംഭവിച്ച ദുരന്തത്തിൽ ദലൈലാമ ദുഃഖം അറിയിച്ചു. 

തിരുവനന്തപുരം: മഴക്കെടുതി ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത്  രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ദലൈലാമ ട്രസ്റ്റ്(Dalai Lama trust) 11 ലക്ഷം രൂപ സംഭാവന നൽകും. ഇക്കാര്യമറിയിച്ച് ട്രസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്(Pinarayi Vijayan) കത്തയച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം ജീവനും സ്വത്തിനും സംഭവിച്ച ദുരന്തത്തിൽ ദലൈലാമ(Dalai Lama) ദുഃഖം അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിച്ചു. 

രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ടെന്നും  മനസ്സിലാക്കുന്നതായും ദലൈലാമ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു.

കേരളത്തില്‍ മഴക്കെടുതിയെ തുടര്‍ന്നുണ്ടായ മരണങ്ങളില്‍ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹും  ദുഃഖം രേഖപ്പെടുത്തി. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അമീര്‍ സന്ദേശമയച്ചു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി സന്ദേശത്തില്‍ അമീര്‍ പറഞ്ഞു.  പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ദുരിതം അതിജീവിക്കാന്‍ ഭരണകൂടത്തിന് സാധിക്കട്ടെയെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ ഏഴുപേരുടെ മൃതദേഹങ്ങളും കണ്ടെത്തി. പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നും കാണാതായ ആൻസിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ആൻസിയെ കണ്ടെത്താനായി രാവിലെ മുതൽ വിവിധ സംഘങ്ങൾ നദിയുടെ കരയിൽ പരിശോധന നടത്തുന്നുണ്ട്. അപകടത്തിൽ ഇന്നലെ കണ്ടെത്തിയ അഞ്ചുപേരെ കൂട്ടിക്കൽ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ സംസ്കരിച്ചു. ഇവർക്ക് അന്തിമോപചാരം അർപ്പിക്കാൻ അർധരാത്രിയിലും വൻ ജനാവലിയുണ്ടായിരുന്നു. മുണ്ടക്കയത്ത് നിന്നും കണ്ടെത്തിയ ഷാജിയുടെ മൃതദേഹം കൊക്കയാർ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തു. വീട് നഷ്ടപ്പെട്ട പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്.

click me!