ഇടുക്കി അണക്കെട്ട് തുറക്കുന്നു, പെരിയാറിൽ മീൻപിടുത്തത്തിന് നിരോധനം, സെൽഫി, ഫേസ്ബുക്ക് ലൈവ് പാടില്ല

Published : Oct 18, 2021, 08:36 PM ISTUpdated : Oct 18, 2021, 08:49 PM IST
ഇടുക്കി അണക്കെട്ട് തുറക്കുന്നു, പെരിയാറിൽ മീൻപിടുത്തത്തിന് നിരോധനം, സെൽഫി, ഫേസ്ബുക്ക് ലൈവ് പാടില്ല

Synopsis

ഇടുക്കി അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നത് നിരോധിച്ചു...

ഇടുക്കി: ഇടുക്കി അണക്കെട്ടിന് (Idukki Dam) താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചു. പുഴയ്ക്ക് സമീപം സെൽഫി, ഫേസ്ബുക്ക് ലൈവ് (Facebook live) തുടങ്ങിയവക്കും വിലക്കേർപ്പെടുത്തി. ഇടുക്കി അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നത് നിരോധിച്ചു. രാവിലെ 11ന് ഇടുക്കി ഡാം മുൻനിർത്തിയാണ് ജില്ലാഭരണകൂടത്തിന്‍റെ നടപടികൾ ആരംഭിക്കുന്നത്. 

അതേസമയം സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ടുകൾ തുറക്കാൻ തീരുമാനം. ഇടുക്കി, പമ്പ, ഇടമലയാർ അണക്കെട്ടുകൾ നാളെ തുറക്കും. ഇടുക്കി അണക്കെട്ട് നാളെ 11 മണിയോടെയാണ് തുറക്കുക. 2018 ലെ പ്രളയം കണക്കിലെടുത്താണ് മുൻകരുതലെന്ന നിലയിൽ ഇടുക്കി തുറക്കുന്നത്. 

മറ്റന്നാൾ മുതൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് നിലവിലെ മുന്നറിയിപ്പ്. പക്ഷേ മഴ പ്രവചനം തെറ്റിച്ചാൽ ഡാം ഒറ്റയടിക്ക് തുറക്കേണ്ട സ്ഥിതി ഉണ്ടാകും. ഇത് ഒഴിവാക്കാനാണ് നേരത്തെ തുറക്കുന്നത്. നാളെ രാവിലെ പതിനൊന്ന് മുതൽ മൂന്നു ഷട്ടറുകൾ 35 സെന്റി മീറ്റർ വീതം ഉയർത്തും. ഡാമിൽ നിന്നും വെള്ളം ഒഴുകിവരുന്ന അഞ്ച് വില്ലേജുകളിലെ എഴുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. 

ഇടുക്കി തുറക്കുന്നതിൻറെ ഭാഗമായി ഇടമലയാർ അണക്കെട്ടും നാളെ രാവിലെ ആറിന് തുറക്കും. പരമാവധി 80 സെൻറിമീറ്ററാണ് ഷട്ടർ ഉയർത്തുന്നത്. പെരിയാറിൽ അനാവശ്യമായി ഇറങ്ങരുതെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. 

പമ്പ അണക്കെട്ട് നാളെ തുറക്കും

പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ പുലർച്ചെ അഞ്ചുമണിക്ക് ശേഷം  തുറക്കും.25 ക്യൂമെക്സ് മുതൽ  പരമാവധി 50 ക്യൂമെക്സ് വരെ വെള്ളം തുറന്നു വിടും.  ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.  നദി തീരങ്ങളിൽ ഉള്ളവർ പ്രത്യേകമായി ജാഗ്രത പുലർത്തണം. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് വെള്ളം കയറാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. മുൻ കരുതലിന്റെ ഭാഗമായുളള നടപടികളാണ് സ്വീകരിക്കുന്നത്. 

കക്കി ഡാം തുറന്ന് വിട്ട ജലം പമ്പ ത്രിവേണിയിൽ ജലനിരപ്പ് 10 സെ.മി മാത്രമാണ് ആദ്യ ഘട്ടത്തിൽ ഉയർത്തിയത്. പമ്പയിലും , അച്ചൻകോവിലാറിലും, മണിമലയാറിലും ജലനിരപ്പ് അപകടനിലക്ക് മുകളിലാണ് ഇപ്പോഴും ഉള്ളത്.  116 ക്യാമ്പുകൾ ജില്ലയിൽ തുറന്നിട്ടുണ്ട്. അതിൽ 1047  കുടുംബങ്ങളും 3584 ആളുകളുമാണുള്ളത്. 

 ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം - മുഖ്യമന്ത്രി

വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അണക്കെട്ടുകളിലെ  ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകൾ തുറക്കുക. ഡാമുകൾ തുറക്കുമ്പോൾ വേണ്ട ജാഗ്രത നിർദേശം എല്ലായിടത്തും നൽകിയിട്ടുണ്ട്.

ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. അധികൃതർ  നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 240 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ 2541 കുടുംബങ്ങളിലെ 9081 പേരാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്