മരട് ഫ്ലാറ്റ് പൊളിക്കൽ; സമീപത്തെ വീടുകളിലെ വിള്ളൽ പൊളിക്കുന്നതിനിടെ സംഭവിച്ചതല്ലെന്ന് സർവാതെ

By Web TeamFirst Published Dec 4, 2019, 1:52 PM IST
Highlights

ഫ്ലാറ്റിന് സമീപത്തെ വീടുകളിലെ വിള്ളൽ ഫ്ലാറ്റ് പൊളിക്കുന്നതിനിടെ സംഭവിച്ചതല്ലെന്ന് സർവാതെ. എസ് ബി സർവ്വാതെയിൽ വിശ്വാസമില്ലെന്ന് മരട് നഗരസഭാ അധികൃതർ.

കൊച്ചി: മരടിലെ ആൽഫ സെറീൻ ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നതിൽ കരാർ കമ്പനിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് നിയന്ത്രിത സ്‌ഫോടന വിദഗ്ധൻ എസ് ബി സർവാതെ. ഫ്ലാറ്റിന് സമീപത്തെ വീടുകളിലെ വിള്ളൽ ഫ്ലാറ്റ് പൊളിക്കുന്നതിനിടെ സംഭവിച്ചതല്ല എന്നും സർവാതെ പറഞ്ഞു. അതേസമയം, ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മേൽനോട്ടം നൽകാൻ സർക്കാർ നിയോഗിച്ച എസ് ബി സർവ്വാതെയിൽ വിശ്വാസമില്ലെന്ന് മരട് നഗരസഭാ അധികൃതർ  ആരോപിച്ചു. 

മരടിലെ ആൽഫ സെറീൻ ഫ്ലാറ്റ് സമുച്ചയം കരാർ കമ്പനിയായ വിജയ് സ്റ്റീൽസ് മാനദണ്ഡങ്ങൾ പാലിച്ചല്ല പൊളിക്കുന്നതെന്ന് പൊളിക്കൽ ചുമതലയുള്ള സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ഫ്ലാറ്റും പരിസരത്തെ വീടുകളിലുണ്ടായ വിള്ളലുകളും പരിശോധിക്കാനായി എസ് ബി സർവാതെ എത്തിയത്. ചില വീടുകളിലെ വിള്ളലുകൾ കാലപ്പഴക്കം  ചെന്നതാണെന്നും ചില വീടുകൾക്ക് പുറം ഭിത്തിയിൽ മാത്രമാണ് വിള്ളലെന്നുമാണ് സർവാതെയുടെ വിലയിരുത്തൽ. 

ഫ്ലാറ്റുകൾ പൊളിക്കുമ്പോള്‍ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ ഉണ്ടാകില്ലെന്നും ഇത് സർക്കാരിന് വേണ്ടി രേഖാമൂലം എഴുതി നൽകാൻ തയ്യാറാണെന്നും സർവാതെ പറഞ്ഞു. അതേസമയം, എസ് ബി സർവാതെ കരാർ കമ്പനിക്ക് വേണ്ടിയാണോ വാദിക്കുന്നത് എന്നാണ് സംശയമെന്ന് മരട് നഗരസഭ അധികൃതർ കുറ്റപ്പെടുത്തി. പ്രദേശത്തെ വീടുകളിൽ വിള്ളലുണ്ടാകുന്നത് നിസ്സാരവത്കരിച്ച് സർക്കാരിനും ചീഫ് സെക്രട്ടറിക്കുമുൾപ്പടെ സർവ്വാതെ റിപ്പോർട്ട് നൽകിയാൽ വീട്ടുടമകൾക്ക് നഷ്ടപരിഹാരം കിട്ടുന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.

click me!