
ചേർത്തല: ദേശീയപാത നിർമാണം നടക്കുന്ന ചേർത്തല ഒറ്റപ്പുന്ന ഭാഗത്ത് നടപ്പാതയ്ക്ക് സമീപമുള്ള കാനയുടെ സ്ലാബ് താഴെവീണത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയാകുന്നു. അപകടഭീഷണി തുടങ്ങിയിട്ട് നാലുമാസത്തോളമായെങ്കിലും അധികൃതർ ഒരു ബോർഡ് മാത്രം സ്ഥാപിച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. പുതുതായി നിർമിച്ച കാനയ്ക്കുമുകളിലിട്ടിരിക്കുന്ന സ്ലാബുകളിൽ മിക്കതും ഇളക്കം തട്ടിയ നിലയിലാണ്. ഇവ അബദ്ധത്തിൽ താഴേക്കുപതിച്ചാൽ യന്ത്രസഹായത്തോടെ മാത്രമേ പൂർവസ്ഥിതിയിലാക്കാൻ കഴിയൂ.
ഇതിന് സമീപത്ത് നടക്കുന്ന മേൽപ്പാലം നിർമാണവും യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്. മേൽപ്പാലത്തിന്റെ ഭിത്തിക്കും റോഡിനുമിടയിൽ മെറ്റലും ടാറിങ്ങും ഇല്ലാത്തത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. സൂപ്പർഫാസ്റ്റ് ബസ്സുകളും ലോറികളും മേൽപ്പാല ഭിത്തിയോട് ചേർന്ന് സർവീസ് റോഡിലൂടെ ഓവർടേക്ക് ചെയ്തുവരുമ്പോൾ ടാറിങ് ഇല്ലാത്ത ഭാഗത്ത് വാഹനങ്ങൾ ഇറങ്ങിയാൽ വലിയ അപകടമുണ്ടാകുമെന്ന് സമീപത്തെ വ്യാപാരികളും തൊഴിലാളികളും മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ രണ്ടുദിവസങ്ങളായി പെയ്ത മഴയിൽ സർവീസ് റോഡിലേക്ക് വെള്ളം ഒലിച്ചിറങ്ങി മേൽപ്പാലത്തിനും റോഡിനുമിടയിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നു. നാട്ടുകാർ പ്രതിഷേധിച്ചതോടെ വെള്ളിയാഴ്ച രാവിലെ കുഴികൾ മണ്ണിട്ട് മൂടാൻ അധികൃതർ തയ്യാറായെങ്കിലും പലയിടത്തും ഇപ്പോഴും വൻ ഗർത്തങ്ങൾ അവശേഷിക്കുകയാണ്. കൂടാതെ സർവീസ് റോഡുകളിൽ രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam