
കൊച്ചി: അഞ്ചരക്കോടി രൂപ മുതൽ മുടക്കി നടപ്പാക്കിയ ഇ - ഗവേണൻസ് പദ്ധതി കടുത്ത പ്രതിസന്ധിയിലായി. നഗരസഭയിലെ ജനനം, മരണം, വിവാഹം തുടങ്ങിയ രജിസ്ട്രേഷന്റെ വിവരങ്ങൾ നഷ്ടപ്പെട്ടേക്കുമെന്നാണ് നഗരസഭ സെക്രട്ടറിയുടെ കത്തിൽ പറയുന്നത്.
ഡാറ്റ സൂക്ഷിക്കാൻ സംവിധാനമില്ലെന്നാണ് ഇതിൽ പറയുന്നത്. സുപ്രധാന രേഖകളും വിവരങ്ങളും ഏതു നിമിഷവും നഷ്ടപ്പെടാനുള്ള സാധ്യതയാണ്. വൈറസ് ആക്രമണം, സാങ്കേതിക തകരാർ, വൈദ്യുതി ഇല്ലാതാവുക തുടങ്ങിയ സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും വിവരങ്ങൾ നഷ്ടപ്പെടാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
രണ്ട് ദിവസം മുൻപ് പദ്ധതി നടപ്പിലാക്കിയ ടിസിഎസിന് കത്തയച്ചിരുന്നു. എന്നാൽ തങ്ങളുടെ ജോലി പൂർത്തിയായെന്നും ഇനി ഉത്തരവാദിത്തമില്ലെന്നും ടിസിഎസ് വ്യക്തമാക്കി. അടിയന്തിരമായി ഐടി മിഷൻ ഇടപെടണമെന്നാണ് നഗരസഭാ സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. കോർപ്പറേഷനിൽ സാങ്കേതിക വിദഗ്ദ്ധരില്ല. ഡാറ്റ ബാക്ക് അപ്പിനുള്ള സൗകര്യമില്ലെന്നും കത്തിൽ പറയുന്നു.
ഇ ഗവേണൻസ് പദ്ധതിക്കായി എട്ട് കോടിരൂപയാണ് നീക്കിവച്ചത്. ഇതിൽ അഞ്ചര കോടി രൂപ ടിസിഎസിന് നൽകി. നാലര കോടിയും കംപ്യൂട്ടറും മറ്റ് സാങ്കേതിക ഉപകരണങ്ങളും വാങ്ങാനാണ് ഉപയോഗിച്ചത്. എന്നാൽ കമ്പനി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞതോടെ നഗരസഭ പ്രതിസന്ധിയിലായി.
എന്നാൽ ഡാറ്റാ പ്രതിസന്ധി ഇന്നുവരെ ഇല്ലെന്ന് ഡെപ്യൂട്ടി മേയർ പ്രേം കുമാർ പ്രതികരിച്ചു. ഡാറ്റ നഷ്ടപ്പെടാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. നഗരസഭയുമായുള്ള കരാർ ടിസിഎസ് കൃത്യമായി പാലിച്ചില്ല. ഏത് സമയത്തും ഡാറ്റ നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്ന് ഐ ടി ഓഫീസർ അറിയിച്ചു. അതനുസരിച്ച് നഗരസഭ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam