ഡാറ്റ ചോര്‍ച്ച വിവാദം: പി ടി തോമസിന് മറുപടിയുമായി കെഎസ്എഫ്ഇ ചെയര്‍മാന്‍

By Web TeamFirst Published Aug 14, 2020, 5:56 PM IST
Highlights

ടെണ്ടര്‍ നടപടികളെക്കുറിച്ച് ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും  ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് പറഞ്ഞു.
 

തിരുവനന്തപുരം: കെഎസ്എഫ്ഇ ഡാറ്റാ ചോര്‍ച്ച വിവാദത്തില്‍ ആരോപണമുയര്‍ത്തിയ പി ടി തോമസ് എംഎല്‍എക്ക് മറുപടിയുമായി കെഎസ്എഫ്ഇ ചെയര്‍മാന്‍ രംഗത്ത്. കെഎസ്എഫ്ഇക്കുവേണ്ടി മൊബൈല്‍ ആപ്പും വെബ് പോര്‍ട്ടലും നിര്‍മ്മിക്കാന്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് ടെണ്ടര്‍ നല്‍കിയതെന്നും ടെണ്ടര്‍ നടപടികളെക്കുറിച്ച് ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും  ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് പറഞ്ഞു.

ഗിരീഷ് ബാബുവിനെ നിയമിച്ചത് ഐടി കാര്യങ്ങളില്‍ ഉപദേശം നല്‍കാനാണ്.  ഒരു വര്‍ഷത്തേക്കാണ് നിയമനം. ഇത് നീട്ടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ഇടപാടുകാരുടെ വിവരങ്ങള്‍ നല്‍കുന്നത് ചിട്ടി നടത്തിപ്പിന്റെ ഭാഗമായി മാത്രമാണെന്നും കെഎസ്എഫ്ഇ ചെയര്‍മാന്‍ വ്യക്തമാക്കി.

കെഎസ്എഫ്ഇയുടെ 35 ലക്ഷം ഇടപാടുകാരുടെ വ്യക്തി വിവരങ്ങള്‍ അമേരിക്കന്‍ കമ്പനി ചോര്‍ത്തിയെന്നാണ് പി ടി തോമസ് ആരോപിച്ചത്. 35 ലക്ഷം ഇടപാടുകാരും 7000 ജീവനക്കാരുമുള്ള കെഎസ്എഫ്ഇയുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ ക്ലിയര്‍ ഐക്ക് നല്‍കിയതില്‍ അഴിമതിയുണ്ടെന്നും കെഎസ്എഫ്ഇയുടെ 600 ബ്രാഞ്ചുകളിലെ ഇടപാടുകള്‍ സുഗമമാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുകളും വെബ് പോര്‍ട്ടലും നിര്‍മ്മിക്കാന്‍ ടെന്‍ഡര്‍ നല്‍കിയ നടപടിക്രമങ്ങളിലാണ് ക്രമക്കേടുള്ളതെന്നുമായിരുന്നു ആരോപണം. ഒരു വ്യവസായിയുടെ മകന്റെ സ്റ്റാര്‍ട്ട് കമ്പനിക്കാണ് ടെന്‍ഡര്‍ നല്‍കിയത്. സ്റ്റാര്‍ട്ട് അപ്പ് കമ്പനികളെ സഹായിക്കാനെന്ന വ്യാജേനെയാണ് ടെന്‍ഡര്‍ അനുവദിച്ചതെന്നും പിടി തോമസ് ആരോപിച്ചിരുന്നു. 

click me!