
കൊച്ചി: അച്ഛൻ യാത്രക്കാരൻ, മകൾ പൈലറ്റ്- സ്വപ്നയാത്രയുടെ സന്തോഷത്തിലാണ് കണ്ണൂർ കണ്ണപുരം മാറ്റാങ്കീൽ സ്വദേശി സതീഷ് മുതലയിലും മകൾ ശ്രുതി സതീഷും. കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്കുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ യാത്രക്കാർ ആ അച്ഛന്‍റെയും മകളുടെയും ജീവിതത്തിലെ അത്യധികം സന്തോഷം നിറഞ്ഞ നിമിഷങ്ങൾക്ക് സാക്ഷികളായി.
പൈലറ്റ് ക്യാപ്റ്റൻ ശ്രുതി സതീഷിന് ഓഗസ്റ്റ് 23 ശനിയാഴ്ച ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണ്. കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് പറത്തിയ വിമാനത്തിൽ ശ്രുതിയുടെ പിതാവ് സതീഷും ഒപ്പം ഉണ്ടായിരുന്നു. മകൾ പറത്തിയ വിമാനത്തിൽ യാത്ര ചെയ്തതിന്റെ സന്തോഷത്തിൽ ആയിരുന്നു അദ്ദേഹം. ടേക്ക് ഓഫിന് മുൻപ് ആ അസുലഭ നിമിഷം ശ്രുതി വിമാനത്തിലുള്ളവരോട് പങ്കുവെച്ചു. ഈ യാത്ര തനിക്ക് ഏറെ സ്പെഷ്യലാണെന്ന് ശ്രുതി പറഞ്ഞു. ‘എന്നെ ഞാനാക്കിയ, എനിക്ക് പറക്കാൻ ചിറകുകൾ നൽകിയ എന്‍റെ പ്രിയപ്പെട്ട അച്ഛൻ ഈ യാത്രയിൽ ഒപ്പമുണ്ടെ'ന്ന് ശ്രുതി പറഞ്ഞത് നിറഞ്ഞ കയ്യടികളോടെയാണ് യാത്രക്കാർ വരവേറ്റത്. 18-ാം വയസിൽ തന്നെ കമേഷ്യൽ പൈലറ്റ് ലൈസൻസ് നേടി ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്ന ഖ്യാതി നേടിയ ആളാണ് ശ്രുതി.
ശ്രുതി കോസ്റ്റ്ഗാർഡ് മുൻ ഡെപ്യൂട്ടി കമാൻഡന്‍റ് ആണ്. ഭർത്താവ് ഇ ആർ ദേവരാജും റിട്ട. കമാൻഡന്‍റാണ്. അദ്ദേഹവും നിലവിൽ ഇൻഡിഗോയിലെ പൈലറ്റാണ്. പ്രളയ കാലത്ത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വസ സഹായങ്ങൾ എത്തിക്കുന്നതിനും ഇരുവരും മുന്നിലുണ്ടായിരുന്നു.