
പാലക്കാട്: ജീവിക്കാനുള്ള വഴി തേടി നവ കേരള സദസിൽ നൽകിയ പരാതിക്ക് പരിഹാരം തേടി പാലക്കാട് കലക്ട്രേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തിയ തിരുനെല്ലായ് സ്വദേശി ചിദംബരന് കൈത്താങ്ങുമായി സന്നദ്ധ സംഘടന. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുടർന്നാണ് പെരിങ്ങോട്ടുകുറിശ്ശി ദയ ചാരിറ്റബിൾ ട്രസ്റ്റ് സഹായവുമായി എത്തിയത്.
ലോട്ടറി വിറ്റ് മുന്നോട്ടു പോകുന്നതിനിടെ അപകടത്തിൽ പരിക്കേറ്റതോടെയാണ് ചിദംബരന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. സാമൂഹിക സുരക്ഷാ പെൻഷനായിരുന്നു ഏക ആശ്വാസം. അതും കിട്ടാതായതോടെ, ജീവിതം വഴിമുട്ടി. അതോടെയാണ് സഹായം തേടി നവകേരള സദസിലെത്തിയത്. പരിഹാരമില്ലാതായതോടെ വയറിൽ ഘടിപ്പിച്ച ട്യൂബുമായി കലക്ട്രേറ്റിന് മുന്നിലെത്തി. മൂന്ന് ദിവസം കലക്ട്രേറ്റിന് മുന്നിൽ വെയിലത്തിരുന്നു. ആരും തിരിഞ്ഞു പോലും നോക്കിയില്ല. എന്നാലും ചിദംബരന് ആരോടും പരിഭവമില്ല.
20 രൂപയും 50 രൂപയുമൊക്കെ കടം വാങ്ങിയാണ് പത്തിരുപത് ദിവസം കഴിച്ചുകൂട്ടിയതെന്ന് ചിദംബരം പറഞ്ഞു. ഒരു വഴിയും ഇല്ലാതായതോടെയാണ് കലക്ടര്‍ ആഫീസിന് മുന്നില്‍ പോയിരുന്നത്. നിവൃത്തികേട് കൊണ്ടിരുന്നതാണ്. സര്‍ക്കാരിനെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ ആരെയും കുറ്റം പറയുന്നില്ലെന്നും ചിദംബരം വ്യക്തമാക്കി.
ജീവിക്കാൻ ആരുടെ മുന്നിലും യാചിക്കാതെ സ്വന്തമായി ലോട്ടറി വിൽക്കാനുള്ള സഹായം- അതു മാത്രമായിരുന്നു ചിദംബരന്റെ ആവശ്യം. ദയ ചാരിറ്റബിൾ ട്രസ്റ്റ് അത് ചെയ്യാമെന്നേറ്റു. ഒപ്പം ചിദംബരന്റെ പുനരധിവാസവും. അതേസമയം നവകേരള സദസിൽ ചിദംബരൻ നൽകിയ പരാതിയുടെ സ്ഥിതിയെന്തെന്നത് ഇപ്പോഴും ഒരു ചോദ്യമായി തന്നെ അവശേഷിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം