Aluva Remand Report : ആലുവ പൊലീസിന്‍റെ 'തീവ്രവാദ'പരാമർശം; പി രാജീവിനെതിരെ ആരോപണവുമായി ഡിസിസി പ്രസിഡന്‍റ്

By Web TeamFirst Published Dec 16, 2021, 6:59 PM IST
Highlights

റിപ്പോര്‍ട്ട്  നല്‍കാനിടയായ സാഹചര്യത്തെകുറിച്ച് സമഗ്രമായ അന്വേഷണം വേണം. ഉത്തരവാദികളായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ഷിയാസ്‍  ആവശ്യപ്പെട്ടു

കൊച്ചി: ആലുവയില്‍ മൊഫിയ പര്‍വീണിന്‍റെ (Mofiya Parveen) മരണവുമായി ബന്ധപ്പെട്ട് സമരം ചെയ്ത കോൺഗ്രസ് പ്രവ‍ർത്തകർക്ക് (Congress Workers) തീവ്രവാദ ബന്ധം ആരോപിച്ച് (Doubts Terror Links) പൊലീസ് കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിച്ചത് മന്ത്രി പി രാജിവിന്‍റെ (Minister P Rajeev) നിര്‍ദ്ദേശത്തെ തുടര്‍ന്നെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് (DCC President Muhammed Shiyas). റിപ്പോര്‍ട്ട്  നല്‍കാനിടയായ സാഹചര്യത്തെകുറിച്ച് സമഗ്രമായ അന്വേഷണം വേണം. ഉത്തരവാദികളായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ഷിയാസ്‍  ആവശ്യപ്പെട്ടു.

അതേസമയം സമരം ചെയ്ത  കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് പിന്‍വലിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നും പരാമർശം തിരുത്താന്‍ അനുവദിക്കണമെന്നും കാട്ടി പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. തീവ്രവാദ പരാമ‍ർശവുമായി ബന്ധപ്പെട്ട് ഒരു സിഐയും രണ്ട് എസ് ഐമാരും ഇതുവരെ സസ്പെന്‍ഷനിലായിയിട്ടുണ്ട്.

കോണ്‍ഗ്രസുകാർക്കെതിരായ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് പിന്‍വലിച്ചു

നേരത്തെ റിമാൻഡ് റിപ്പോ‍ർട്ടിലെ തീവ്രവാദ പരാമ‍ർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനും രൂക്ഷമായഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. സംസ്ഥാന പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറാണെന്നതിന് ഉദാഹരമാണ് സംഭവെന്നായിരുന്നുപ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകരോട് അത് വേണ്ടെന്നും സംഘപരിവാർ മനസ് ഇവിടെ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ആനി രാജയുടെയും ഡി രാജയുടെയും നിരീക്ഷണം ശരി വെക്കുന്നതാണ് റിമാൻഡ് റിപ്പോർട്ടിലെ തീവ്രവാദ പരാമർശമെന്നും സതീശൻ ചൂണ്ടികാട്ടിയിരുന്നു.

'കേരള പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാർ'; ആലുവയിലെ തീവ്രവാദ പരാമർശം ചൂണ്ടികാട്ടി സതീശൻ

മുസ്ലീം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന മത വെറി കോൺഗ്രസുകാരോട് വേണ്ടെന്നാണ് സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. ഇത് കേരളമാണെന്നും ഗുജറാത്തല്ലെന്ന് ഓർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേരള പൊലീസിന് ശമ്പളം നാഗ്പൂരിലെ കാര്യാലയത്തിൽ നിന്നല്ലെന്നും നിങ്ങൾ തിരുത്തുമെന്നും ഞങ്ങൾ നിങ്ങളെ തിരുത്തിച്ചിരിക്കുമെന്നും കെ പി സി സി പ്രസിഡന്‍റ് കുറിച്ചിരുന്നു.

ഇത് കേരളം, മുസ്ലിം പേരായാൽ തീവ്രവാദിയാക്കുന്ന മതവെറി ഇവിടെ വേണ്ട; മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ? സുധാകരൻ

മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോൺഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോ‍ർട്ടിൽ പരമാ‍ർശിച്ചതാണ് വലിയ വിവാദമായി മാറിയത്. ആലുവ പൊലീസ് സ്റ്റേഷനുള്ളില്‍ കോൺഗ്രസ് നടത്തിയ മൂന്ന് ദിവസത്തെ സമരത്തിനിടെ അന്ന് അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തു. പ്രാദേശിക കോൺ​ഗ്രസ് നേതാക്കളായ അല്‍ അമീന്‍, നജീബ്, അനസ് എന്നിവരെ കേസില്‍ അറസ്റ്റ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ആദ്യം നൽകിയ റിമാന്‍ഡ‍് റിപ്പോർട്ടിലാണ് പ്രതികള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് പരാമ‍ർശമുണ്ടായത്.

സമരത്തിനിടെ ജലപീരങ്കിക്ക് മുകളില് കയറി കൊടി നാട്ടിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് പിന്നിൽ ഏതെങ്കിലും  തരത്തിലുള്ള തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമർശം. കോണ്‍ഗ്രസ് വൻ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഡിജിപി അന്വേഷണം നടത്തി. ​ഗൂഢലക്ഷ്യത്തോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ എഴുതിവെച്ചതെന്ന് ഡിജിപിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി. പിന്നാലെ സസ്പെൻഷനടക്കമുള്ള നടപടികളുണ്ടായെങ്കിലും വിവാദ പരാമര്‍ശം അടങ്ങിയ റിപ്പോര്‍ട്ട് പിൻവലിക്കാൻ തയ്യാറായിരുന്നില്ല. തുടര്‍ന്ന് അൻവര്‍ സാദത്ത് എം എൽ എ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോൾ വിവാദപരാമര്‍ശങ്ങള്‍ പിന്‍വലിച്ചു കൊണ്ട് പുതിയ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ബന്ധപ്പെട്ട  ഉദ്യോഗസ്ഥര്‍ക്ക് പിശക് സംഭവിച്ചതാണെന്നാണ്  ന്യായികരണം.

click me!