Asianet News MalayalamAsianet News Malayalam

Mofia : ഇത് കേരളം, മുസ്ലിം പേരായാൽ തീവ്രവാദിയാക്കുന്ന മതവെറി ഇവിടെ വേണ്ട; മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ? സുധാകരൻ

  • നിയമ വിദ്യാര്‍ത്ഥി മൊഫിയ പര്‍വീണിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ചെയ്ത സമരത്തില്‍ അറസ്റ്റിലായവരുടെ റിമാന്‍റ് റിപ്പോര്‍ട്ടിലാണ് വിവാദ പരാമര്‍ശം
  • പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കും എന്ന പരാമര്‍ശമാണ് വിവാദമായത്
K Sudhakaran against Pinarayi police on Mofia Parveen Case remand report doubts terror links
Author
Thiruvananthapuram, First Published Dec 11, 2021, 7:01 PM IST

തിരുവനന്തപുരം: മൊഫിയ പർവീൺ കേസിൽ  (Mofia Parveen) സമരം ചെയ്തവർക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന പൊലീസ് പരാമർശത്തിനെതിരെ കെ പി സി സി പ്രസിഡന്‍റ് (KPCC President) കെ സുധാകരൻ (K Sudhakaran). മുസ്ലീം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന മത വെറി കോൺഗ്രസുകാരോട് വേണ്ടെന്ന് സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇത് കേരളമാണെന്നും ഗുജറാത്തല്ലെന്ന് ഓർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള പൊലീസിന് ശമ്പളം നാഗ്പൂരിലെ കാര്യാലയത്തിൽ നിന്നല്ലെന്നും നിങ്ങൾ തിരുത്തുമെന്നും ഞങ്ങൾ നിങ്ങളെ തിരുത്തിച്ചിരിക്കുമെന്നും കെ പി സി സി പ്രസിഡന്‍റ് കുറിപ്പിലൂടെ പറഞ്ഞു.

 

നിയമ വിദ്യാര്‍ത്ഥി മൊഫിയ പര്‍വീണിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ചെയ്ത സമരത്തില്‍ അറസ്റ്റിലായവരുടെ റിമാന്‍റ് റിപ്പോര്‍ട്ടിലാണ് വിവാദ പരാമര്‍ശം. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിമാന്‍റ് റിപ്പോര്‍ട്ടില്‍, പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കും എന്ന പരാമര്‍ശമാണ് വിവാദമായത്. സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അൽ അമീൻ, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്‍റെ വിവാദമായ പരാമര്‍ശം.

മൊഫിയ കേസിൽ പ്രതിഷേധിച്ച പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ്

സമരത്തിനിടെ ഡിഐജിയുടെ കാര്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ ത‍‍ടഞ്ഞ് നാശനഷ്ടം വരുത്തിയിരുന്നു. ജലപീരങ്കിയുടെ മുകളില്‍ കയറി കൊടി നാട്ടി. പൊതുമുതല്‍ നശിപ്പിച്ചതടക്കം കുറ്റം ചുമത്തി 12 പേരെ പ്രതികളാക്കി കേസെടുത്തു. ഇതില്‍ അറസ്റ്റ് ചെയ്ത മൂന്ന് പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നില്‍കിയ റിപ്പോര്‍ട്ടിലാണ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് ആരോപിക്കുന്നത്.

കെഎസ്‌യു ആലുവ മണ്ഡലം പ്രസിഡന്റ് അല്‍ അമീന്‍, കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റ്  നജീബ്, ബൂത്ത് വൈസ് പ്രസിഡന‍്റ് അനസ് എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്ന്, നാല്, അഞ്ച് പ്രതികളാണിവർ. എടയപ്പുറം സ്വദേശി സല്‍മാന്‍ ഫാരിസാണ് കേസിൽ രണ്ടാം പ്രതി. എടത്തല സ്വദേശി സഫ്‌വാനാണ് മൂന്നാം പ്രതി. 

പൊലീസിന്റെ ജലപീരങ്കിയുടെ മുകളില്‍ കയറി നിൽക്കുന്ന ചിത്രങ്ങള്‍ പ്രതികൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിന്റെ പേരിലാണോ ഇത് ചെയ്തതെന്ന് കണ്ടെത്തണം, ഇവരെ ജാമ്യത്തില്‍ വിട്ടാല്‍ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിൽ ആരോപിച്ചിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് കേസുകൾ എടുത്തിരുന്നു. അതിലൊന്നും തീവ്രവാദ ബന്ധം  ഉന്നയിച്ചിട്ടില്ല.  ഈ സാഹചര്യത്തില്‍  ഈ കേസില്‍ മാത്രം പൊലീസ് എന്തുകൊണ്ട് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കി എന്നതാണ് പ്രധാന ചോദ്യം.

കോണ്‍ഗ്രസുകാരുടെ റിമാന്‍റ് റിപ്പോര്‍ട്ടില്‍ 'തീവ്രവാദ പരാമര്‍ശം'; പൊലീസിനെതിരെ പ്രതിഷേധം

പൊലീസ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ പ്രതികള്‍ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും, ഈ രീതിയില്‍ റിമാന്‍റ് റിപ്പോര്‍ട്ട് എഴുതിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ആലുവ എം എൽഎ അൻവർ സാദത്തും രാവിലെ രംഗത്തെത്തിയിരുന്നു. ജനാധിപത്യരീതിയില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും അതിന്റെ പ്രവര്‍ത്തകരോടുമുള്ള അവഹേളനമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലൂടെ മനസ്സിലാക്കുന്നത്. തീവ്രവാദ ബന്ധം എന്നത് റിമാന്‍റ് റിപ്പോര്‍ട്ടില്‍ വന്നത് സര്‍ക്കാറിന്‍റെ അറിവോടെയാണോയെന്നും എംഎല്‍എ ചോദിക്കുന്നു. ഇതില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അന്‍വര്‍ സാദത്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചിരുന്നു.

 

Follow Us:
Download App:
  • android
  • ios