
കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ പുറത്ത് വന്ന ഡിസിസിയുടെ കത്തിൽ ചര്‍ച്ചകൾ തുടരുമ്പോൾ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ നിരവധി പേരുകള്‍ ചര്‍ച്ച ചെയ്യും. ശോഭ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍, കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ബിജെപി പരിഗണിച്ചത്. ശോഭ സുരേന്ദ്രന്‍റെ ബോര്‍ഡു വരെ വച്ചില്ലേ, പിന്നീട് കത്തിച്ചു കളയുകയായിരുന്നുവെന്നും സതീശൻ പറഞ്ഞു.
വി ഡി സതീശന്‍റെ പദ്ധതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ത്ഥിത്വമെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. ഇയാള്‍ക്ക് നാണമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ബിജെപിയില്‍ പോയി സീറ്റ് ചോദിച്ച് കിട്ടാതെ, കോണ്‍ഗ്രസ് വിട്ടെത്തി വാതില്‍ക്കല്‍ മുട്ടിയവന് 24 മണിക്കൂറിനകം സീറ്റ് നല്‍കിയ ഗോവിന്ദന് വി ഡി സതീശന്‍റെ പ്ലാന്‍ ആണെന്നു പറയാന്‍ നാണമില്ലേ. അവിടെ സിപിഎം ചര്‍ച്ച ചെയ്തിരുന്നത് ഇയാളുടെ പേര് അല്ലായിരുന്നല്ലോ. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും എം ബി രാജേഷിന്‍റെ അളിയന്‍റെയും പേരല്ലേ ചര്‍ച്ച ചെയ്തിരുന്നത്. എന്നിട്ട് അവരാരും സ്ഥാനാര്‍ത്ഥിയായില്ലല്ലോ എന്നും സതീശൻ ചോദിച്ചു.
കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് പരിഗണിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയും ബിജെപി ജില്ലാ കമ്മിറ്റിയും നിര്‍ദ്ദേശിച്ച ആളുകളാണോ അവരുടെ സ്ഥാനാര്‍ത്ഥിയായത്. എല്ലാ പാര്‍ട്ടികളുടെയും ജില്ലാ കമ്മിറ്റകള്‍ പേരുകള്‍ നിര്‍ദ്ദേശിക്കും. ഡിസിസി അധ്യക്ഷന്‍ മൂന്ന് പേരുകള്‍ നിര്‍ദ്ദേശിച്ചു. അതില്‍ ഒരാളാണ് സ്ഥാനാര്‍ത്ഥിയായത്. അതില്‍ എന്ത് വാര്‍ത്തയാണുള്ളത്. അങ്ങനെയെങ്കില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥി ആക്കാതെ ഇപ്പോള്‍ ഉള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കിതിനെ കുറിച്ചും വാര്‍ത്ത ചെയ്യേണ്ടേ എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം.
വെള്ളം കോരിയും വിറക് വെട്ടിയും നടന്നവരെയൊന്നും പരിഗണിക്കാതെ ബിജെപിയും കോണ്‍ഗ്രസും സീറ്റ് നല്‍കാത്ത ആള്‍ക്ക് സീറ്റ് നല്‍കിയ നാണം കെട്ട പാര്‍ട്ടിയാണ് സിപിഎം. യുഡിഎഫ് മത്സരിപ്പിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെയാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ചെറുപ്പക്കാരും വനിതകളും ഇല്ലല്ലോയെന്ന് ചോദ്യമുണ്ടായി. അന്ന് സിറ്റിങ് എംപിമാര്‍ മത്സരിച്ചപ്പോള്‍ ഷാഫി പറമ്പിലിന് മാത്രമെ പുതുതായി സീറ്റ് നല്‍കാന്‍ സാധിച്ചുള്ളൂ. അത് ആദ്യം കിട്ടുന്ന അവസരത്തില്‍ തിരുത്തുമെന്ന് അന്ന് പറഞ്ഞതാണ്. അതിന്‍റെ ഭാഗമായി ചെറുപ്പക്കാരായ രണ്ടു പേര്‍ക്ക് കോണ്‍ഗ്രസ് ഇത്തവണ സീറ്റ് നല്‍കിയെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പൂരം കലക്കലില്‍ ത്രിതല അന്വേഷണം പ്രഖ്യപിച്ച മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് പൂരം കലക്കിയിട്ടില്ലെന്നും വെടിക്കെട്ട് മാത്രമാണ് വൈകിയതെന്നുമാണ്. ഇത് അന്വേഷണത്തെ അട്ടിമറിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ്. ത്രിതല അന്വേഷണം നടക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പൂരം കലക്കിയതല്ലെന്നു പറഞ്ഞാല്‍ മൂന്ന് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ എന്ത് പ്രസക്തിയാണുള്ളത്. അന്വേഷണത്തില്‍ മുഖ്യമന്ത്രി അനധികൃതമായി ഇടപെട്ട് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്.
പൂരം കലക്കിയതല്ലെന്ന് സിപിഐക്കാര്‍ പറയട്ടെ. മന്ത്രി കെ രാജന്‍ പൂരം കലക്കിയതാണെന്നാണ് നിയമസഭയില്‍ പറഞ്ഞത്. തൃശൂരിലെ എല്‍ഡിഎഫ് എംഎല്‍എ ബാലചന്ദ്രനും നിയമസഭയില്‍ പറഞ്ഞത് പൂരം കലക്കിയതാണെന്നാണ്. വത്സന്‍ തില്ലങ്കേരിയാണ് കലക്കിയതെന്നു പറഞ്ഞിട്ട് അയാള്‍ക്കെതിരെ കേസെടുത്തോയെന്നും സതീശൻ ചോദിച്ചു. മന്ത്രിമാരോട് പൊലീസ് പോകേണ്ടെന്നു പറഞ്ഞ സ്ഥലത്തേക്ക് സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപിയെ ആര്‍എസ്എസ് നേതാവിന്റെ അകമ്പടിയോടെ, മുന്നിലും പിന്നിലും പൊലീസുമായി നാടകീയമായി രംഗത്തിറക്കി. സുരേഷ് ഗോപിക്ക് സിനിമയില്‍ പോലും അഭിനയിക്കാത്ത തരത്തില്‍ നാടകീയമായി രംഗത്തെത്താന്‍ രക്ഷകവേഷം കെട്ടിച്ചത് ആരാണെന്നും സതീശൻ ചോദ്യം ഉന്നയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam