തൃക്കാക്കര കൂട്ടബലാത്സംഗക്കേസ്; സിഐയുടെ അറസ്റ്റ് ഉടനില്ല, ആഴത്തിലുള്ള അന്വേഷണത്തിന് ശേഷമെന്ന് ഡിസിപി

By Web TeamFirst Published Nov 15, 2022, 1:59 PM IST
Highlights

കേസിൽ 10 പ്രതികളുണ്ടെന്നും അഞ്ച് പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന്  ഡിസിപി പറഞ്ഞു. 

കൊച്ചി : തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ ആഴത്തിലുള്ള അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് കൊച്ചി ഡിസിപി എസ് ശശിധരൻ. പരാതിക്കാരിയുടെ മൊഴിയിൽ വ്യക്തത വരുത്തണം. സി ഐ സുനുവിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കേസിൽ 10 പ്രതികളുണ്ടെന്നും അഞ്ച് പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന്  ഡിസിപി പറഞ്ഞു. 

തെളിവ് കിട്ടിയില്ലെന്ന് വ്യക്തമാക്കി  സി ഐ സുനു ഉൾപ്പടെയുള്ള പ്രതികളെ ചോദ്യം ചെയ്ത ശേഷം ഇന്നലെ വിട്ടയച്ചിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയാണ് ഇന്നലെ വിട്ടയച്ചത്. കേസിൽ ആ‍ർക്കെതിരെയും തെളിവ് ലഭിച്ചിട്ടില്ലെന്നും തെളിവ് കിട്ടിയ ശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.

രാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സിഐ സുനു മൂന്നാം പ്രതിയാണ്. വിജയലക്ഷ്മിയുടെ സുഹൃത്തായ ക്ഷേത്ര ജീവനക്കാരൻ അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭർത്താവിന്‍റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്. പ്രതികൾ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് 22 കാരിയായ യുവതിയുടെ പരാതി.

click me!