Asianet News MalayalamAsianet News Malayalam

റാഗിങ് എന്ന് ഉപയോഗിക്കരുത്, ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങൾ പറയരുത്; കോട്ടണ്‍ഹില്‍ സ്കൂള്‍ വിഷയത്തില്‍ മന്ത്രി

കോട്ടൺ ഹിൽ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്ന  പ്രശസ്തമായ സ്കൂളാണ്. റാഗിങ് എന്ന പദപ്രയോഗം ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് മന്ത്രി പറഞ്ഞത്. 
 

minister v sivankutty about cottonhill school issue
Author
Thiruvananthapuram, First Published Jul 27, 2022, 12:56 PM IST

തിരുവനന്തപുരം: കോട്ടണ്‍ ഹിസ്‍ സ്കൂളില്‍ യുപി വിദ്യാര്‍ത്ഥികളെ  സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ച സംഭവത്തെ റാഗിങ് എന്ന് പറയരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോട്ടൺ ഹിൽ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്ന  പ്രശസ്തമായ സ്കൂളാണ്. റാഗിങ് എന്ന പദപ്രയോഗം ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് മന്ത്രി പറഞ്ഞത്. 

ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങൾ പറയരുത്. സംഭവത്തില്‍ ഡിഡിയുടെ റിപ്പോർട്ട് കിട്ടിയിട്ടില്ല. ഹെഡ്മാസ്റ്റർക്ക് എതിരായ പരാതികൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. പ്രധാന അധ്യാപകനെതിരെ ഉയർന്ന പരാതികൾ പരിശോധിച്ച് ആവശ്യമെങ്കിൽ നടപടി എടുക്കും. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് എടുക്കില്ല എന്നും മന്ത്രി പറ‌ഞ്ഞു. 

നിയമസദാ കയ്യാങ്കളിക്കേസില്‍ ഹാജരാവണമെങ്കില്‍ കോടതിയിൽ ഹാജരാവാം. കോടതി പറഞ്ഞാൽ അനുസരിച്ചേ പറ്റൂ. വിടുതൽ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ് എന്നും മന്ത്രി പറഞ്ഞു. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് കോട്ടണ്‍ഹില്‍ സ്കൂളില്‍ പരാതിക്കാസ്പദമായ സംഭവം നടന്നത്. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കിൽ കൈഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്കൂൾ കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരിക്കേറ്റ ഒരു വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകിയിരുന്നു.  ഈ വിദ്യാർത്ഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിർന്ന വിദ്യാർത്ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

മാസ്ക്ക് ഇട്ടിരുന്ന വിദ്യാർത്ഥികൾ യൂണിഫോം ധരിച്ചിരുന്നില്ല.  പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യു പി സ്കൂൾ കുട്ടികളെ മുതി‍ർന്ന കുട്ടികൾ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. എന്നാൽ  പുറത്ത് നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കൾ സംശയിക്കുന്നു. സ്കൂൾ ഗെയിറ്റിനും ചുറ്റുമതിലിലും സി സി ടി വി ക്യാമറകൾ ഇല്ലാത്തതടക്കമുള്ള സുരക്ഷാ വീഴ്ചയും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.

Read Also: കോട്ടൺ ഹിൽ സ്കൂളിലെ റാഗിങ്; അന്വേഷണം പ്രഹസനം, മന്ത്രിയെ നേരിട്ട് കാണാൻ അവസരം വേണമെന്ന് രക്ഷിതാക്കൾ

Follow Us:
Download App:
  • android
  • ios