
ദില്ലി: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനെതിരെ ഡീൻ കുര്യാക്കോസ്. പ്രവർത്തകരെ തമ്മിൽ തല്ലിക്കാനാകരുത് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പെന്നും എല്ലാവരെയും ഉൾക്കൊള്ളിച്ച് വേണം പുനഃസംഘടന നടത്താനെന്നും ഡീന്‍ പറഞ്ഞു. സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് ഘടകങ്ങളെ പിരിച്ചുവിട്ടതിലുള്ള എതിർപ്പ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. അടിത്തട്ടിൽ പാർട്ടിയുമായി ബന്ധപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തനമെന്നും അതുകൊണ്ട് തന്നെ സംഘടന തെരഞ്ഞെടുപ്പ് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു.
അതേസമയം യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവനകൾ നടത്തിയതിന് ഡീൻ കുര്യാക്കോസിനും സി ആർ മഹേഷിനും നേരത്തെ കെപിസിസി അച്ചടക്ക സമിതി നോട്ടീസ് അയച്ചിരുന്നു. ഡീനിനും സി ആർ മഹേഷിനും പുറമേ, എസ് എം ബാലു, പി ബി സുനീർ, അബ്ദുൾ വാഹിദ്, ഷഫീഖ് എന്നിവർക്കും നോട്ടീസ് അയച്ചിരുന്നു.
അന്വേഷണത്തിനായി മൂന്ന് യൂത്ത് കോൺഗ്രസ് സെക്രട്ടറിമാരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഡീൻ കുര്യാക്കോസ് പ്രസിഡന്‍റും സിആർ മഹേഷ് വൈസ് പ്രസിഡന്‍റുമായ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ കാലാവധി തീർന്നിട്ട് ഏഴ് വർഷമായി. പല തവണ പുനഃസംഘടനക്കുള്ള നീക്കം നടത്തിയെങ്കിലും കെപിസിസിക്ക് സമവായം കണ്ടെത്താനായിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam