റിട്ട. എസ്ഐയെ കൊന്നത് അയല്‍വാസിയെന്ന് പൊലീസ്; കൊല നടത്തിയത് മഴു കൊണ്ട് വെട്ടി

By Web TeamFirst Published Nov 27, 2019, 10:31 AM IST
Highlights

ചോദ്യം ചെയ്യല്ലിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്നും ഓടി രക്ഷപ്പെട്ട അയല്‍വാസിയായ സിജു തന്നെയാണ് ശശീധരനെ കൊന്നതെന്ന് പൊലീസ് 

കോട്ടയം:  പ്രഭാതനടത്തിനിറങ്ങിയ റിട്ട.എസ്.ഐ  തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ. കൊലപ്പെട്ട റിട്ടയേർഡ് പൊലീസുദ്യോ​ഗസ്ഥൻ ശശീധരന്റെ അയൽവാസിയായ സിജോയെയാണ് പൊലീസ് പിടികൂടിയത്. മഴു കൊണ്ട് ഇയാൾ ശശീധരനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.  ശശീധരന്റെ നായരുടെ മരണത്തിന് ശേഷം ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും ഇയാൾ ​ഗാന്ധിന​ഗർ പൊലീസ് സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാവിലെ മണർക്കാട് നിന്നുമാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തയാൾ രക്ഷപ്പെട്ട സംഭവത്തില്‍ ഗാന്ധിനഗര്‍ എസ്എച്ച്ഒ അനൂപ് ജോസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. 

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് പ്രഭാതസവാരിക്കിറങ്ങിയ റിട്ട.എസ്ഐ മുടിയൂര്‍ക്കര പറയകാവില്‍ സിആര്‍ ശശീശധരനെ (62) തലയ്ക്ക് അടിയേറ്റ് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെയാണ് കോട്ടയം അടിച്ചിറ ഗേറ്റ് - മുടിയൂര്‍ക്കര റോഡില്‍ കണ്ണാമ്പടം ഭാഗത്ത് ശശീധരനെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് ശശീധരന്‍റെ അയല്‍വാസിയായ കണ്ണാമ്പടം ജോസഫ് കുര്യന്‍ എന്ന സിജുവിനെ (45) കസ്റ്റഡിയിലെടുത്തിരുന്നു. മുപ്പത് മണിക്കൂറിലേറെ ഇയാളെ സ്റ്റേഷനില്‍ വച്ച് പൊലീസ്  ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ല എന്ന മൊഴിയില്‍ ഇയാള്‍ ഉറച്ചു നിന്നു. 

ചോദ്യം ചെയ്യല്ലിനിടെ വൈകുന്നേരം ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് ഇയാള്‍ സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടി. തുടർന്ന് ആദ്യം കണ്ട ഓട്ടോയില്‍ കേറി സ്ഥലംവിട്ടു. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റര്‍ അപ്പുറത്ത് വച്ച് ഇയാൾ ഓട്ടോയിൽ നിന്നും ഇറങ്ങിയോടി. തുടര്‍ന്ന് പ്രദേശത്തെ മൂന്ന് വീടുകളില്‍ ഓടി കയറി സിജു സഹായം അഭ്യാര്‍ത്ഥിച്ചെങ്കിലും അപരിചിതനായ ആള്‍ ഓടി വീടിനകത്ത് കയറിയത് കണ്ട് വീട്ടിലുള്ളവരെല്ലാം ഭയന്ന് നിലവിളിച്ചു ഇതോടെ ഇയാള്‍ ഈ പ്രദേശത്ത് നിന്നും രക്ഷപ്പെട്ടു. 

പിന്നാലെ സ്ഥലത്ത് എത്തിയ പൊലീസ് പ്രദേശം മൊത്തം അരിച്ചു പെറുകിയെങ്കിലും സിജുവിനെ കണ്ടെത്താനായില്ല. അജ്ഞാതനായ ആള്‍ വീടുകളില്‍ ഓടികയറിയതും പിന്നാലെ പൊലീസ് എത്തി പരിശോധന നടത്തിയതും പ്രദേശത്ത് വാര്‍ത്തയായെങ്കിലും കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്യല്ലിന് ശേഷം വിട്ടയച്ചതാണെന്നായിരുന്നു പൊലീസ് നിലപാട്. ഇയാള്‍ പൊലീസ് കസ്റ്റഡിയിൽ നിന്നും ഓടിരക്ഷപ്പെട്ടതാണെന്ന വിവരം പിന്നീടാണ് വ്യക്തമായത്. 

ഇയാളെ കണ്ടെത്താനായി തുടർന്ന് ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പൊലീസിനെ വിന്യസിച്ചു. ചൊവാഴ്ച രാവിലെയോടെ പൊലീസ് സംഘം ഇയാളെ കണ്ടെത്തിയെങ്കിലും സിജു ഓടി ആറ്റില്‍ ചാടി. ഇയാളെ പിടികൂടാനായി പൊലീസും പിന്നാലെ ചാടിയെങ്കിലും ഇയാള്‍ തന്ത്രപൂര്‍വ്വം കരയ്ക്ക് കേറി പൊലീസുകാരുടെ ബൈക്കെടുത്ത് സ്ഥലം വിടുകയായിരുന്നു. എന്നാല്‍ സംഭവം നടന്ന് രണ്ട് മണിക്കൂറിനകം തന്നെ മണര്‍ക്കാട് വച്ച് ഇയാളെ പൊലീസ് സാഹസികമായി പിടികൂടി. 

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള വെട്ടേറ്റാണ് ശശീധരൻ കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.  കേസിൽ പ്രതിയായ സിജു ശശീധരനടക്കം ചുറ്റുവട്ടത്തുള്ള അയല്‍വാസികളുമായെല്ലാം വിരോധത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. റോഡില്‍ മതില്‍ കെട്ടുന്നതിനെ ചൊല്ലി ശശീധരനും സിജുവും തമ്മില്‍ കേസും നിലനില്‍ക്കുന്നുണ്ട്. 

സിജുവിന്‍റെ വീട്ടില്‍ തിങ്കളാഴ്ച പകല്‍ മുഴുവന്‍ പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. അയര്‍ലന്‍ഡിലുള്ള മകളുടെ അടുത്തേക്ക് അടുത്ത ദിവസം ശശീധരനും ഭാര്യയും പോകാനിരിക്കേയാണ് കൊലപാതകം. 

ശശീധരന്‍ മരണപ്പെട്ട സ്ഥലത്ത് വച്ച് നേരത്തെ രണ്ട് പേര്‍ക്കെതിരെ ആക്രമണമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ശശീധരന്‍റേയും സിജുവിന്‍റേയും അയല്‍വാസികളായ തോപ്പില്‍ ബേബിച്ചന്‍, ചെറുകര ചാക്കോ എന്നിവര്‍ക്കാണ് തലയ്ക്ക് അടിയേറ്റത്. എന്നാല്‍ രണ്ട് സംഭവങ്ങളും പൊലീസില്‍ അറിയിച്ചിരുന്നില്ല.  ഇവിടെ വച്ച് ആക്രമിക്കപ്പെട്ട മൂന്ന് പേരും സിജുവുമായി നല്ല ബന്ധമുള്ളവരല്ല. 

ഏഴ് വര്‍ഷം മുന്‍പാണ് ഫര്‍ണിച്ചര്‍ വ്യാപാരിയായ ബേബിച്ചന് നേരെ ആക്രമണമുണ്ടായത്. രാത്രി ബൈക്കിലെത്തി വീടിന്‍റെ ഗേറ്റ് തുറക്കുന്നതിനിടെ പിന്നില്‍ നിന്നും തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് സ്കൂട്ടറിലേക്ക് വീട്ടിലേക്ക് വരുന്നതിനിടെയാണ്  വഴിയരികില്‍ മറഞ്ഞു നിന്ന അജ്ഞാതന്‍ ചെറുകര ചാക്കോയുടെ തലയ്ക്ക് അടിച്ചത്. അടിയേറ്റ ചാക്കോ വണ്ടിയില്‍ നിന്നും നിയന്ത്രണം തെറ്റി വീണു.

അടിയേറ്റ വീണപ്പോള്‍ ബോധം പോയതിനാല്‍ പിന്നെ എന്താണ് സംഭവിച്ചത് എന്ന് ചാക്കോയ്ക്ക് ഓര്‍മയില്ല. എന്നാല്‍ ചാക്കോയുടെ വീടിന്‍റെ കാര്‍പോര്‍ച്ചില്‍ കിടന്ന വാന്‍ കത്തി നശിച്ചു. ഇവരുടെ വീടിന്‍റെ ഗേറ്റിലും പരിസരത്തും മനുഷ്യവിസര്‍ജ്യം കവറില്‍ കെട്ടി വലിച്ചെറിയുന്ന സംഭവങ്ങളുമുണ്ടായി. 

click me!