
ദില്ലി: ജാര്‍ഖണ്ഡിലെ ഗോഡ ജില്ലാ ജയിലില്‍ കഴിയുന്ന മലയാളി വൈദികന്‍ ഫാ. ബിനോയ് ജോണിന്‍റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് രംഗത്ത്. ഫാ. ബിനോയ് ജോണിന്റെ മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും ഡീന്‍ കുര്യാക്കോസ് കത്ത് നല്‍കി. അറസ്റ്റ് ന്യൂനപക്ഷ വേട്ടയുടെ ഭാഗമാണെന്ന് ഡീൻ ആരോപിച്ചു. ഫാ. ബിനോയ് ജോണിന് ജാമ്യം ലഭിക്കാത്തിരിക്കാൻ പൊലീസും ഭരണകൂടവും ഒത്തുകളിച്ചു. ഇവിടെ അതിക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നിട്ടുള്ളതെന്ന് ബോധ്യപ്പെട്ടതായും എംപി പറഞ്ഞു.
ഈ മാസം ആറിനാണ് തൊടുപുഴ വെട്ടിമറ്റം സ്വദേശിയും ഭാഗല്‍പൂര്‍ രൂപതാ വൈദികനുമായ ഫാ. ബിനോയ് ജോണിനെ ജാര്‍ഖണ്ഡിലെ ദിയോദാര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മതപരിവര്‍ത്തനം, ഭൂമി കൈയ്യേറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഫാ. ബിനോയ് ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ മറ്റൊരു വൈദിനകനെയും വിശ്വാസിയെയും കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു.
കോടതിയില്‍ ഹാജരാക്കിയ ഫാ. ബിനോയ് ജോണിനെ ഗോഡ ജില്ലാ ജയിലില്‍ റിമാൻഡ് ചെയ്തു. ഫാ. ബിനോയിയുടെ ജാമ്യാപേക്ഷ ഗോഡ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. ഫാ. ബിനോയ് ജോണിന്‍റെ ആരോഗ്യ പ്രശ്നങ്ങള്‍ പൊലീസ് കോടതിയില്‍ നിന്നും മറച്ചുവച്ചെന്നും ഡീൻ ആരോപിച്ചു. രണ്ടുവര്‍ഷം മുമ്പ് പേസ് മേക്കര്‍ ഘടിപ്പിച്ച കാര്യം ഉൾപ്പടെ കോടതിയെ അറിയിച്ചില്ല. എന്നാല്‍ മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് പൊലീസ് വിശദീകരണം. നാലുവര്‍ഷമായി ഗോഡയിലെ രജതയിലുള്ള ധ്യാനകേന്ദ്രത്തിലായിരുന്നു ഫാ. ബിനോയ് ജോണ്‍. ആദിവാസി മേഖലയിലായിരുന്നു പ്രവര്‍ത്തനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam