
തിരുവനന്തപുരം: പിഎസ്‍എസി പരീക്ഷകൾ മലയാളത്തിൽ കൂടി നടത്തണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിഎസ്‍സിയുമായി ഇന്ന് ചർച്ച നടത്തും. ഇക്കാര്യം ആവശ്യപ്പെട്ട് പിഎസ്‍സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന നിരാഹാര സമരം പത്തൊൻപത് ദിവസം പിന്നിട്ടു. കഴിഞ്ഞ മാസം 29 നാണ് പിഎസ്‍സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്.
സാംസ്ക്കാരിക നായകരും പ്രതിപക്ഷവും ഐക്യമലയാളം പ്രസ്ഥാനം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിഎസ്‍സിയുമായി ചർച്ച നടത്തുന്നത്. കെഎഎസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്. പക്ഷെ ചോദ്യങ്ങൾ മലയാളത്തിൽ ആക്കുന്നതിനെ പിഎസ്‍സി ഇതുവരെ അനുകൂലിച്ചിട്ടില്ല. ഉയർന്ന യോഗ്യത അടിസ്ഥാനമായ പരീക്ഷകളിൽ സാങ്കേതിക പദങ്ങൾക്കുള്ള പകരം പദങ്ങൾ കണ്ടെത്തുന്നതിന്‍റെ പ്രയാസമാണ് പ്രധാനമായും കമ്മീഷൻ നിരത്തിയത്. പക്ഷേ, പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സർക്കാർ കമ്മീഷനോട് വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെടാനാണ് സാധ്യത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam