വീണ്ടും പേവിഷബാധയേറ്റ് മരണം; തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

Published : May 05, 2025, 02:18 AM ISTUpdated : May 05, 2025, 06:05 AM IST
വീണ്ടും പേവിഷബാധയേറ്റ് മരണം; തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

Synopsis

ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് മൂന്ന് കുട്ടികളാണ്. വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേൽക്കുന്നത് ആവർത്തിക്കുകയാണ്.

തിരുവനന്തപുരം: പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസൽ മരിച്ചു. കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്. വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേൽക്കുന്നത് ആവർത്തിക്കുകയാണ്.

കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ. ദിവസങ്ങൾക്ക് മുൻപാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെ‍ഡിക്കൽ കോളേജിൽ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം. ഏപ്രിൽ മാസത്തിൽ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്. 

ഏപ്രിൽ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് കുന്നിക്കോട് സ്വദേശിയായ കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോൾ പരിശോധിച്ചു. അപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാ‌ക്സീനെടുത്തതിനാൽ പേവിഷ ബാധയേൽക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബവും നാട്ടുകാരും. അതിനാൽ തന്നെ പിന്നീടാരും പട്ടിയെ കുറിച്ച് അന്വേഷിച്ചില്ല. നായക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല.

മാർച്ച് 29 നാണ് സിയയ്ക്ക് നായയുടെ കടിയേറ്റത്. പെരുന്നാൾ ദിവസം വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാൻ പോകുന്നതിനിടെയായിരുന്നു സംഭവം. ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കേളേജിലും എത്തിച്ചു. പ്രതിരോധ വാക്സീൻ നൽകി. മുറിവ് ഉണങ്ങി വരുന്നതിനിടെ പനി ബാധിച്ചു. പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിച്ചു. സിയയുടെ മുഖത്തും തലയിലും കൈകാലുകളിലുമായി 20 ഇടങ്ങളിൽ മുറിവേറ്റിരുന്നു.

സംസ്ഥാനത്ത് 2021 ല്‍ 11 പേരായിരുന്നു പേവിഷബാധയേറ്റ് മരിച്ചത്. 2022 ല്‍ 27 പേർ. 2023 ല്‍ 25 പേർ. 2024 ൽ 26 പേർ. ഈ വര്‍ഷം അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കെ 14 പേരാണ് മരിച്ചത്. ഭൂരിഭാഗവും കുട്ടികളാണ്. 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്. ഇതിൽ വാക്സീനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്. മറ്റുള്ളവര്‍ വാക്സീന്‍ എടുത്തിരുന്നില്ല. നായ കടിച്ചാൽ ആദ്യ മിനിറ്റുകൾ അത്യധികം പ്രധാനമെന്നാണ് ഡോക്ടർമാർ പറയുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്സീനെടുക്കുന്നതും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
ശബരിമല വിമാനത്താവളം വിജ്ഞാപനം റദ്ദാക്കി,2570 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ല ,പുതിയ പഠനം നടത്തണം