
തൃശൂര്‍: ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിലെ കാറിനുള്ളിൽ 57കാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ തോക്ക് എത്തിച്ചു നല്‍കിയ രണ്ടു പേരെ തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി മംഗലം കാലായില്‍ വീട്ടില്‍ ജസ്റ്റിന്‍ മാത്യു (40) എന്നയാളെ വടക്കാഞ്ചേരിയില്‍ നിന്നും ഇടുക്കി കുമളി സ്വദേശി തറപ്പേല്‍ വീട്ടില്‍ റീഗന്‍ ജോസഫ് (40) എന്നയാളെ കുമളിയില്‍ നിന്നുമാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പൊലീസും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.
ഇരിങ്ങാലക്കുട കുറ്റിക്കാടന്‍ വീട്ടില്‍ ജോസിനെ (57), മാര്‍ച്ച് 10 ന് രാത്രി ഒമ്പതോടെയാണ് ഇരിങ്ങാലക്കുട ഗാന്ധിഗ്രാമില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാറില്‍ നിന്നും തോക്കും കുറിപ്പും പൊലീസ് കണ്ടെടുത്തു. തനിക്ക് തോക്ക് നല്‍കിയത് ജസ്റ്റിനും റീഗനും ചേര്‍ന്നാണെന്ന് ജോസ് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസ് അക്കാദമിയിലെ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലെ സയന്റിഫിക് ആന്‍ഡ് ബാലിസ്റ്റിക് ഓഫീസറായ അജയ് ബാബു തോക്ക് ശാസ്ത്രീയ പരിശോധന നടത്തി. തുടർന്ന് തോക്ക് നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്നും ഇതിന് ലൈസന്‍സ് ലഭ്യമല്ലെന്നും സാക്ഷ്യപ്പെടുത്തുകയായിരുന്നു.
പ്രതികള്‍ തോക്ക് അനധികൃതമായി നിര്‍മ്മിക്കുകയോ വാങ്ങി സൂക്ഷിക്കുകയോ ചെയ്ത ശേഷം ജോസിന് കൈമാറിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ ആയുധ നിയമപ്രകാരം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ കേസെടുത്തത്. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജസ്റ്റിന്‍ മാത്യു വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു അടിപിടിക്കേസില്‍ പ്രതിയാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ഷാജി എം.കെ., എസ്.ഐമാരായ അഭിലാഷ് ടി, അനു ജോസ്, ജി.എസ്.ഐ മുഹമ്മദ് റാഷി എം.എ, ജി.എസ്.സി.പി.ഒമാരായ രഞ്ജിത്ത്, ഗിരീഷ്, സി.പി.ഒമാരായ ഉമേഷ്, ഗിരീഷ്, ഡാന്‍സാഫ് അംഗങ്ങളായ ജി.എസ്.ഐ മാരായ സതീശന്‍, മൂസ, ജയകൃഷ്ണന്‍, ജി.എ.എസ്.ഐ മാരായ ഷിജോ, റെജി എ.യു. എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam