പ്രാര്‍ത്ഥനയോടെ കേരളം കാത്തിരുന്ന 21 മണിക്കൂറുകള്‍: ഒടുവില്‍ ദുരന്തവാര്‍ത്ത

By Web TeamFirst Published Feb 28, 2020, 9:47 AM IST
Highlights

മകളെ കാണാനില്ലെന്ന വിവരം ലഭിച്ചതിനെ പിന്നാലെ വിദേശത്തുള്ള ദേവനന്ദയുടെ പിതാവ് പ്രദീപ് നാട്ടില്‍ എത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ എത്തിയ പ്രദീപ് അവിടെ നിന്നും വീട്ടിലേക്ക് വരുന്നതിനിടെയാണ് കുഞ്ഞിന്‍റെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തിയത്. 

കൊല്ലം: ഇന്നലെ രാവിലെ പത്തരയോടെയാണ് കൊല്ലം പള്ളിമണിനടുത്തുള്ള ഇളവൂര്‍ എന്ന പ്രദേശത്ത് നിന്നും ഏഴ് വയസുകാരിയായ ദേവനന്ദയെ കാണാതായത്. നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ് ഭവനില്‍ പ്രദീപ് കുമാറിന്‍റേയും ധന്യയുടേയും മകളാണ് പൊന്നു എന്നു വിളിപ്പേരുള്ള ദേവനന്ദ. ദേവനന്ദയെ കൂടാതെ നാല് മാസം പ്രായമുള്ള ഒരു ആണ്‍കുഞ്ഞ് കൂടി പ്രദീപ്- ധന്യ ദമ്പതികള്‍ക്കുണ്ട്.  വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് മകനെ ഉറക്കിയ ശേഷം ധന്യ തുണി അലക്കനായി വീടിന് പുറത്തേക്കിറങ്ങി. ഈ സമയം വീടിന് മുന്‍വശത്തെ ഹാളിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. തുണിയലക്കുന്ന ധന്യയുടെ അടുത്തേക്ക് ദേവനന്ദ വന്നെങ്കിലും ഉറങ്ങി കിടക്കുന്ന അനിയന് കൂട്ടിരിക്കാനായി കുഞ്ഞിനെ ധന്യ വീടിനകത്തേക്ക് പറഞ്ഞു വിട്ടു. 

തുണി അലക്കുന്നതിനിടെ കുട്ടികളെ നോക്കാന്‍ ധന്യ വീടിനകത്തേക്ക് തിരിച്ചു വന്നപ്പോള്‍ ആണ് മകളെ കാണാനില്ലെന്ന് മനസിലായത്. വീടിന് മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടതോടെ മുറ്റത്തും അടുത്ത വീടുകളിലും ധന്യ മകളെ അന്വേഷിച്ചു. എന്നാല്‍ കണ്ടെത്താനായില്ല. ഇതിനോടകം അയല്‍വാസികളും അടുത്ത ബന്ധുക്കളും വിവരമറിഞ്ഞ് സ്ഥലത്ത് എത്തുകയും കുട്ടിക്കായി തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. പ്രദേശത്ത് എവിടേയും കുഞ്ഞിനെ കണ്ടെത്താനാവാതെ വന്നതോടെ കണ്ണനെല്ലൂര്‍ പൊലീസിലേക്ക് പരാതി എത്തി. 

സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തിയ പൊലീസിന്‍റെ ശ്രദ്ധ ആദ്യം പോയത് ദേവനന്ദയുടെ വീട്ടില്‍ നിന്നും 70 മീറ്റര്‍ മാത്രം അകലെയുള്ള ഇത്തിക്കരയാറ്റിലേക്കാണ്. പുഴയുടെ കൈവഴിയായ ഇത്തിക്കരയാറ്റിന്‍റെ പരിസരത്ത് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്വഭാവികമായി ഒന്നും പൊലീസിനും കണ്ടെത്താന്‍ സാധിച്ചില്ല. അമ്മയില്‍ നിന്നും അയല്‍വാസികളില്‍ നിന്നും മൊഴിയെടുത്തതില്‍ കുഞ്ഞിനെ കാണാതായ സമയത്ത് അപരിചിതരെയാരേയും പ്രദേശത്ത് കണ്ടിരുന്നില്ലെന്നും വ്യക്തമായി. 

ഇതിനോടകം ഏഴു വയസുകാരിയെ കാണാതായെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ ആരംഭിച്ചു. വൈകുന്നേരത്തോടെ നടന്‍ കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള പ്രശ‍സ്തര്‍ ഫേസ്ബുക്കിലൂടേയും മറ്റും ചിത്രം പങ്കുവച്ചതോടെ സംഭവം കേരളം മുഴുവന്‍ ഏറ്റെടുത്തു.  കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പടെയുള്ളവർ ഇതിനോടകം സ്ഥലത്ത് എത്തുകയും മുങ്ങല്‍വിദഗ്ദ്ധരെ ഉപയോഗിച്ച് ഇത്തിക്കരയാറ്റില്‍ തെരച്ചില്‍ തുടങ്ങുകയും ചെയ്തു. ഡോഗ് സ്ക്വാഡില്‍ നിന്നും വന്ന നായ കുഞ്ഞിന്‍റെ മണം പിടിച്ച ആറ്റിന്‍ കരയോരത്ത് വന്നു നിന്നതും കുട്ടിയെ ആറ്റില്‍ കാണാതായിരിക്കാമെന്ന നിഗമനം ബലപ്പെടുത്തിയിരുന്നു. എന്നാല്‍ സന്ധ്യ വരെ നടത്തിയ അന്വേഷണത്തിലും ആറ്റില്‍ നിന്നും കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചില്ല. 

ഇതിനിടെ ഫോറന്‍സിക് വിദഗ്ധരും സൈബര്‍ വിദഗ്ദ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങളും ദേവനന്ദയുടെ ചിത്രം പങ്കുവച്ചു കൊണ്ട് അവളെ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ ഭാഗമായി. കൊല്ലം ജില്ല കേന്ദ്രീകരിച്ചും രാത്രിയോടെ സംസ്ഥാന വ്യാപകമായും കുട്ടിക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കുട്ടിക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചു. ദേശീയപാതയിലുടേയും സംസ്ഥാന പാതയിലൂടേയും കടന്നു പോയ വാഹനങ്ങളും നിരീക്ഷിക്കപ്പെട്ടു.  

ദേവനന്ദയുടെ വീട് നില്‍ക്കുന്ന ആറ്റിന്‍കരയോരത്ത് നിന്നും നൂറ് മീറ്ററോളം മാറി ആറ്റിന് കുറുകെ ഒരു താത്കാലിക മരപ്പാലം കെട്ടിയിട്ടുണ്ട്. ഒരാള്‍ക്ക് കഷ്ടിച്ചു കടന്നു പോകാവുന്ന ഈ നടപ്പാലം മണല്‍ചാക്കുകളും മറ്റും കെട്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു തടയണ പോലെ നില്‍ക്കുന്ന പതിനഞ്ച് മീറ്ററോളം വീതിയുള്ള നടപ്പാലത്തിന് മധ്യഭാഗം പക്ഷേ തുറന്ന നിലയിലാണ്. ഇന്നലെ തെരച്ചില്‍ വിദഗ്ദ്ധര്‍ പ്രധാനമായും അന്വേഷണം നടത്തിയത്. ദേവനന്ദയുടെ വീട് മുതല്‍ നടപ്പാലം വരെയുള്ള ഈ ഭാഗത്താണ്. 

ഇന്ന് നേരം പുലര്‍ന്നതിനെ പിന്നാലെ നീന്തല്‍ വിദഗ്ദ്ധരുമായി എത്തിയ പൊലീസ് നടപ്പാലത്തിന് എതിര്‍ഭാഗത്തേക്കും തെരച്ചില്‍ വ്യാപിച്ചു. ഇതിനിടെയാണ് നടപ്പാലത്തില്‍ നിന്നും നൂറ് മീറ്റര്‍ മാറി കുട്ടിയുടെ മൃതേദഹം നാട്ടുകാര്‍ കണ്ടെത്തിയത്. പിന്നാലെ കോസ്റ്റല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി മൃതദേഹം പുറത്തെടുത്തു. ദേവനന്ദയുടെ അയല്‍വാസിയെ സ്ഥലത്ത് എത്തിച്ച പൊലീസ് മൃതദേഹം കുട്ടിയുടേതാണെന്ന് സ്ഥിരീകരിച്ചു. 

കോസ്റ്റല്‍ പൊലീസിലെ നാല് മുങ്ങല്‍ വിദഗ്ദ്ധരാണ് ഇന്നലെ മുതല്‍ ഇത്തിക്കരയാറ്റില്‍ കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്തിയത്. ആറ്റില്‍ ഒഴുക്കില്ലെന്നായിരുന്നു നാട്ടുകാരില്‍ പലരും പറഞ്ഞതെങ്കിലും നല്ല അടിയൊഴുക്ക് ആറ്റിലുണ്ടായിരുന്നുവെന്ന് തെരച്ചില്‍ സംഘത്തിന്‍റെ ഭാഗമായ മനോജ്  എന്ന കോസ്റ്റല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുഞ്ഞിന്‍റെ വീടിരിക്കുന്ന ഭാഗത്ത് നിന്നും ഇരുന്നൂറ് മീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നതെന്നും ഇത്ര ശക്തമായ അടിയൊഴുക്ക് ഉള്ളതിനാല്‍ മൃതദേഹം ഇത്ര ദൂരം സഞ്ചരിച്ചതില്‍ അസ്വഭാവികതയില്ലെന്നും മനോജ് നിരീക്ഷിക്കുന്നു. വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിയിലായിരുന്നുവെങ്കില്‍ കൂടുതല്‍ ദൂരം മൃതദേഹം സഞ്ചരിക്കാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അസാധാരണമായ രീതിയിലാണ് മലയാളി സമൂഹം ദേവനന്ദയെ കാണാനില്ലെന്ന വാര്‍ത്തയോട് പ്രതികരിച്ചത്. കുഞ്ഞിനെ കാണാനില്ലെന്ന വാര്‍ത്ത ഇന്നലെ രാത്രിയോടെ തന്നെ ഭൂരിപക്ഷം പേരും സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു. ഫേസ്ബുക്ക് ഫീഡിലും വാട്‍സാപ്പ് സ്റ്റാറ്റസുകളിലും കുഞ്ഞിനെ കാണാനില്ലെന്ന പോസ്റ്റര്‍ വൈറലായി മാറി. കേരള പൊലീസ് സംസ്ഥാന വ്യാപകമായി തെരച്ചില്‍ ആരംഭിച്ചെന്ന വാര്‍ത്ത വന്നതോടെ ജീവനോടെ ദേവനന്ദയെ കണ്ടെത്താന്‍ സാധിക്കും എന്ന പ്രതീക്ഷയോടെയാണ് എല്ലാവരും ഇന്നലെ ഉറങ്ങാന്‍ പോയത്. പക്ഷേ ഇത്തിക്കരയാറ്റില്‍ നിന്നും കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയെന്ന ദുഖകരമായ വാര്‍ത്തയിലേക്കാണ് കേരളം ഇന്ന് ഉണര്‍ന്നത്. 

മകളെ കാണാനില്ലെന്ന വിവരം ലഭിച്ചതിനെ പിന്നാലെ വിദേശത്തുള്ള ദേവനന്ദയുടെ പിതാവ് പ്രദീപ് നാട്ടില്‍ എത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ എത്തിയ പ്രദീപ് അവിടെ നിന്നും വീട്ടിലേക്ക് വരുന്നതിനിടെയാണ് കുഞ്ഞിന്‍റെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തിയത്. ഇളവൂരിലെ കൊച്ചുവീട്ടിലേക്ക് പ്രദീപ് എത്തിയതോടെ കൂട്ടനിലവിളി ഉയർന്നു. ഇൻക്വസ്റ്റ് നടപടികളുടെ ഭാ​ഗമായി ദേവനന്ദയുടെ മുത്തശ്ശിയേയും ഇളയമ്മയേയും പൊലീസ് മൃതദേഹം തിരിച്ചറിയാനായി വീട്ടിൽ നിന്നും കൊണ്ടു വന്നിരുന്നു. പിന്നാലെ പ്രദീപിനേയും വീട്ടിൽ നിന്നും മൃതദേഹം കാണിക്കാനായി കൊണ്ടു വന്നു. ജീവനറ്റ നിലയിൽ മകളെ കണ്ടതോടെ പ്രദീപ് അവിടെ തളർന്നു വീണു. 

click me!