ജയിലില്‍ വച്ച് സുഹൃത്തുക്കളായി, തുടര്‍ന്ന് ഒന്നിച്ച് മോഷണം; ബൈക്ക് മോഷണ സംഘത്തിലെ മുഖ്യകണ്ണികള്‍ പിടിയില്‍

By Web TeamFirst Published Feb 28, 2020, 9:17 AM IST
Highlights

 തിരുവനന്തപുരം  പുളിയറക്കോണം സ്വദേശി റഷിൻ ,ആറ്റിങ്ങൽ ഇളമ്പത്തടം സ്വദേശി ശ്രീരാജ്  എന്നിവരാണ് പൊലീസിന്‍റെ  പിടിയിലായത്. 

കൊല്ലം: തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികൾ  പത്തനാപുരത്ത്  പിടിയിൽ. അടിപിടി കേസുകളിലടക്കം നിരവധി കേസുകളില്‍ പ്രതികളാണ് പിടിയിലായവർ. കൊല്ലം, തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ച് ആണ് പ്രതികള്‍ മോഷണം നടത്തിവന്നിരുന്നത്. തിരുവനന്തപുരം  പുളിയറക്കോണം സ്വദേശി റഷിൻ ,ആറ്റിങ്ങൽ ഇളമ്പത്തടം സ്വദേശി ശ്രീരാജ്  എന്നിവരാണ് പൊലീസിന്‍റെ  പിടിയിലായത്. സംഭവത്തിൽ പത്തനാപുരം പാതിരിക്കൽ മണ്ണായിക്കോണം സ്വദേശി അഗിത്തിനെ  നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഇയാളിൽ നിന്നാണ് കൂട്ടാളികളായ ശ്രീരാജിനെയും റഷിനെയും പറ്റിയുളള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് തിരുവനന്തപുരത്ത് നിന്നും  ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  വീടിന് മുൻവശത്ത് പാർക്ക് ചെയ്തിരുന്ന പത്തനാപുരം ചേലക്കേട് ഷാൻമൻസിലിൽ ഗ്രേഡ് എസ് ഐ ആയ  ഷാജഹാന്‍റെ ഉടമസ്ഥതയിലുളള  ബൈക്ക്  ഈ മാസം പതിനാലാം തീയതി രാത്രിയിൽ മോഷ്ടിച്ചിരുന്നു. കൂടാതെ ഒരു  ജ്വല്ലറി ജീവനക്കാരന്‍റെ ബൈക്കും പത്തനാപുരത്ത് നിന്നും അപഹരിച്ചിരുന്നു. ആറ്റിങ്ങൾ, വെഞ്ഞാറമൂട്, പാറശ്ശാല, നെരുവാമൂട്,പോത്തൻകോട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലെ അടിപിടി കേസുകൾ അടക്കം നിരവധി  കേസുകളിലെ പ്രതികളാണ് പിടിയിലായവർ.

ബൈക്ക് മോഷണക്കേസിൽ  ജയിൽ ശിക്ഷ അനുഭവിക്കവെയാണ് മൂവരും സുഹ്യത്തുക്കളായത്. രണ്ട് ബൈക്കുകളും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളുടെ നമ്പർ പ്ലേറ്റുകൾ ഇവർ തന്നെ മാറ്റുന്നതാണ് രീതി. പൊലീസ് വാഹനങ്ങളിൽ നിന്നും ഡീസലും  ഊറ്റിയിട്ടുള്ളതായും പ്രതികൾ  ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
 

click me!