ബാലഭാസ്കറിന്‍റെ മരണം: സിസിടിവി ദൃശ്യം പ്രകാശ് തമ്പി എടുത്തിരുന്നു; മൊഴി ശരി വെച്ച് സുഹൃത്ത്

By Web TeamFirst Published Jun 9, 2019, 11:24 AM IST
Highlights

ഡ്രൈവർ അർജ്ജുൻ മൊഴി മാറ്റിയപ്പോൾ സംശയം തോന്നിയപ്പോഴാണ് പ്രകാശ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതെന്നും ജമീൽ

തിരുവനന്തപുരം: പ്രകാശ് തമ്പിയുടെ മൊഴിയെ അനുകൂലിച്ച് സുഹൃത്ത് ജമീൽ. തനിയ്ക്കും മറ്റൊരു സുഹൃത്ത് സനൽരാജിനുമൊപ്പമാണ് ബാലഭാസ്കർ കൊല്ലത്തെ ജ്യൂസ് കടയിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പ്രകാശ് തമ്പി പോയി. ഡ്രൈവർ അർജ്ജുൻ മൊഴി മാറ്റിയപ്പോൾ സംശയം തോന്നിയപ്പോഴാണ് പ്രകാശ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതെന്നും ജമീൽ പറഞ്ഞു.

പ്രകാശൻ തമ്പിയുടേയും അര്‍ജുന്‍റേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഫോറന്‍സിക് പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് ക്രൈംബ്രാഞ്ച്  രേഖപ്പെടുത്തും.

സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ജമീല്‍, സനല്‍രാജ് എന്നിവര്‍ക്കൊപ്പമാണ് ജൂസ് കടയില്‍ പോയതെന്ന പ്രകാശന്‍ തമ്പിയുടെ മൊഴി, കൊല്ലത്തെ ചില സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ഡ്രൈവര്‍ അര്‍ജുന്‍ മൊഴിമാറ്റിയതിനെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും പ്രകാശന്‍ തമ്പി മൊഴി നല്‍കിയിരുന്നു. 

പ്രാകാശ് തമ്പി കടയില്‍ നിന്നും ദൃശ്യങ്ങള്‍ കൊണ്ടുപോയിട്ടില്ലെന്ന് കടയുടമ ഷംനാദ് മൊഴി മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകാശന്‍ തമ്പിയോടൊപ്പം വന്ന ജമീലിന്‍റെ മൊഴി നിര്‍ണ്ണായകമാവുന്നത്. അതേസമയം അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങുകയാണ്.

ഫോറന്‍സിക് വിദഗ്ദരുടെ സാന്നിധ്യത്തില്‍ അര്‍ജുനില്‍ നിന്ന് വിശദമായ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. മറ്റ് ചില പരിശോധന ഫലങ്ങള്‍ കൂടി കിട്ടിയശേഷമായിരിക്കുംചോദ്യം ചെയ്യല്‍. 

ബാലഭാസ്കര്‍ അപകടത്തില്‍ പെടുമ്പോള്‍ വാഹനമോടിച്ചത് അര്‍ജുന്‍ ആകാമെന്നാണ് പൊലീസ് നിയോഗിച്ച ഫോറന്‍സിക് സംഘത്തിന്‍റെ നിഗമനം. വാഹനത്തില്‍ നിന്ന് സ്വര്‍ണ്ണവും പണവും കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ബാലഭാസ്കറിന്‍റെയും ഭാര്യ ലക്ഷ്മിയുടെയും കുട്ടിയുടെയും ആഭരണങ്ങളാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം.ആഭരണങ്ങള്‍ നേരത്തെ തന്നെ പൊലീസ് ലക്ഷ്മിക്ക് കൈമാറിയിരുന്നു.

click me!