
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തില്‍ ആശുപത്രിക്കും ആരോഗ്യ വകുപ്പിനുമെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. മരിച്ച രാമചന്ദ്രന് ഡയാലിസിസ് ചെയ്യുന്നതിന് മുൻപ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഡയാലിസിസ് ചെയ്തുകൊണ്ടിരുന്നപ്പോൾ വിറയൽ ഉണ്ടായി, രക്തം ഛർദ്ദിച്ചു. ആശുപത്രിയിൽ നിന്ന് വേണ്ട പരിഗണന കിട്ടിയില്ല. ഗുരുതരാവസ്ഥയിലായിട്ടും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത് വൈകീട്ട് കുടുംബം ആവശ്യപ്പെട്ടപ്പോൾ മാത്രമാണ്. എന്നാല്‍ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ ഐസിയു ഒഴിവില്ലായിരുന്നു. തുടർന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. ഗുരുതരാവസ്ഥയിൽ ഹരിപ്പാട് ആശുപത്രിയിൽ നിന്ന് വണ്ടാനത്തേക്ക് റഫർ ചെയ്തത് ഐസിയുവില്‍ ഒഴിവുണ്ടോ എന്ന് പോലും നോക്കാതെയാണ് എന്നും ബന്ധുക്കൾ പറയുന്നു.
കൂടാതെ, ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ വിളിച്ചപ്പോൾ വിഷയം അറിയില്ലെന്നായിരുന്നു പ്രതികരണം. ആരോഗ്യ മന്ത്രി ഒന്നും അറിയുന്നില്ല. മന്ത്രി വർഷത്തിൽ ഒരിക്കലെങ്കിലും സർക്കാർ ആശുപത്രികളിൽ ഒന്ന് സന്ദർശനം നടത്തണം. മൈക്കിന് മുന്നിൽമാത്രം വന്നു നിന്നിട്ട് ഒരു കാര്യവുമില്ലെന്നും രാമചന്ദ്രന്‍റെ ബന്ധുക്കൾ പറയുന്നു. രണ്ട് രോഗികളാണ് ആശുപത്രിയില്‍ ഡയാലിസിസിനെ തുടർന്ന് മരിച്ചത്. അണുബാധയെ തുടര്‍ന്നാണ് മരണം എന്ന ആക്ഷേപവുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. 29 ന് ഡയാലിസിസ് ചെയ്തത് 26 പേരാണ്. ഇതില്‍ 6 പേർക്ക് അസ്വസ്ഥത ഉണ്ടായി എന്നാണ് വിവരം. രോഗികളില്‍ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ (60) എന്നിവരാണ് മരിച്ചത്. സംശയത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും ഉൾപ്പെടെ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ അവ അണുവിമുക്തമാണെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. വീണ്ടും വിദഗ്ധ പരിശോധന നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.അരുൺ ജേക്കബ് പ്രതികരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിയുമായി സംസാരിച്ചെന്നും മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു എന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സംഭവിച്ചതെന്തെന്ന് റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി ഉണ്ടാകും. മുമ്പ് ഇത്തരത്തിലുള്ള പരാതി ഉയർന്നിട്ടില്ല. അണുബാധ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. മരിച്ചവരുടെ കുടുംബത്തിന് സംരക്ഷണം ഉറപ്പുവരുത്തണം എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam