ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന വാർത്തയോട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യു ഡി എഫ് കണ്‍വീനർ അടൂർ പ്രകാശിനെ എസ് ഐ ടി ചോദ്യംചെയ്യാൻ വിളിപ്പിച്ചല്ലോ എന്ന ചോദ്യത്തിന് കൂടുതൽ വിശദീകരിക്കാതെ രണ്ട് വാക്കിൽ മറുപടിയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 'സ്വാമിയേ ശരണമയ്യപ്പാ' എന്നാണ് നെഞ്ചിൽ കൈവച്ച് സുരേഷ് ഗോപി പറഞ്ഞത്. തൃശൂരിലേക്ക് വമ്പൻ പദ്ധതികൾ ഈ വർഷം വരുമെന്നും വഴിയേ പറയാമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലേക്ക് എയിംസ് വരും എന്നതിൽ സംശയമില്ല. ആലപ്പുഴ കഴിഞ്ഞാൽ അത് അവകാശപ്പെട്ടത് തൃശൂരിനാണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടത് എന്തിന് , ആരാണ് അപ്പോയിൻമെന്‍റ് എടുത്തു കൊടുത്തത് എന്നീ ചോദ്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചത്. ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി കോണ്‍ഗ്രസ് നേതാക്കൾ ഇതുവരെ നൽകിയിട്ടില്ല. അതേസമയം ശബരിമല സ്വർണക്കൊള്ള കേസില്‍ തന്നെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നാണ് അടൂർ പ്രകാശിന്‍റെ പ്രതികരണം. എസ്ഐടി വിളിപ്പിച്ചു എന്നറിഞ്ഞത് ചാനലുകളിലൂടെയാണ്. എന്നാല്‍ അങ്ങനെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പണിയാണ് നടക്കുന്നത്. ചോദ്യം ചെയ്യാൻ വിളിച്ചാൽ ഹാജരാകുമെന്നും തനിക്ക് ഒരു ഭയവുമില്ലെന്നും അടൂർ പ്രകാശ് പ്രതികരിച്ചു.

അപ്പോയിൻമെന്‍റ് എടുത്ത് കൊടുത്തിട്ടില്ലെന്ന് അടൂർ പ്രകാശ്

സോണിയ ഗാന്ധിയെ കാണാൻ താൻ പോറ്റിക്ക് അപ്പോയിൻമെന്‍റ് എടുത്ത് കൊടുത്തിട്ടില്ലെന്നും അടൂർ പ്രകാശ് അവകാശപ്പെട്ടു. കൊള്ളക്കാരനാണെന്ന് അറിഞ്ഞുകൊണ്ടല്ല പോറ്റിയെ കേട്ടത്. ശബരിമല അന്നദാനത്തിന് ക്ഷണിച്ചു. താൻ പോയി. ബാക്കി കാര്യങ്ങൾ എസ്ഐടി വിളിപ്പിക്കുമ്പോൾ ഉറപ്പായും മാധ്യമങ്ങളെ അറിയിക്കും എന്നും എവിടെയും ഒളിച്ചോടി പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടി സംഘത്തിനെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മന്ത്രി എം ബി രാജേഷ് രംഗത്തെത്തി. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ വി ഡി സതീശൻ ഇപ്പോള്‍ മലക്കം മറിഞ്ഞുവെന്ന് മന്ത്രി എംബി രാജേഷ് വിമർശിച്ചു. യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞപ്പോൾ എസ്ഐടിയിൽ വിശ്വാസം നഷ്ടപ്പെട്ടോയെന്നും എം ബി രാജേഷ് ചോദിച്ചു. കടകംപള്ളി സുരേന്ദ്രനെ മൊഴി എടുക്കാൻ വിളിച്ചപ്പോൾ പ്രതിപക്ഷത്തിന് വൻ ആഘോഷമായിരുന്നു. ഇപ്പോള്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവിന് ഇരട്ടത്താപ്പാണ്. സ്വന്തക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ എന്തിനാണ് പരിഭ്രാന്തിയെന്ന് ചോദിച്ച എം ബി രാജേഷ്, അന്വേഷണത്തിന്‍റെ പോക്കിൽ ഭയം ഉണ്ടെങ്കിൽ പാരഡി ഗാനം ഒരുമിച്ച് പാടിയാൽ മതിയെന്നും അത് കൂട്ടക്കരച്ചിലാകുമെന്നും പരിഹസിച്ചു.

YouTube video player