
വയനാട്: താമരശ്ശേരിയിലെ ഒമ്പത് വയസുകാരിയുടെ മരണം ചികിത്സാപിഴ്വ് കാരണം എന്ന് അമ്മ രംബീസ. കുട്ടിയെ ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെന്നും നേരത്തെ ഉന്നയിച്ച കാര്യങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ തെളിഞ്ഞെന്നും രംബീസ പറഞ്ഞു. ചികിത്സാപിഴവ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ്പിയ്ക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നടപടി വേണം എന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും പരാതി നല്‍കും.
എന്നാല്‍ കുട്ടിയുടെ മരണത്തില്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഗോപാലകൃഷ്ണൻ പറയുന്നത്. ന്യുമോണിയയുടെ ലക്ഷണങ്ങൾ കുട്ടിയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ആമീബിക് ആണെന്നാണ് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ടിലും മൈക്രോബയോളജി റിപ്പോർട്ടുകളിലും വ്യത്യാസം ഉണ്ട്. ഈ റിപ്പോർട്ടിലെ അവ്യക്ത പരിഹരിക്കേണ്ടത് മെഡിക്കൽ കോളേജും മെഡിക്കൽ ബോർഡുമാണ് എന്നുമാണ് സൂപ്രണ്ടിന്‍റെ വാദം.
പനിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ 9 വയസ്സുകാരി അനയയെ പ്രവേശിപ്പിച്ചത് ഓഗസ്റ്റ് 14നാണ്. വൈകിട്ട് മൂന്നുമണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ കുട്ടി മരിക്കുകയായിരുന്നു. എന്നാൽ സ്രവ പരിശോധനയിൽ കുട്ടിക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചിരുന്നതായി വ്യക്തമായെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വിശദീകരണം. അമീബിക് മസ്തിഷ്ക ജ്വരം അല്ലെന്നും നേരത്തെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞിരുന്നതായി കുടുംബം അന്ന് പറഞ്ഞിരുന്നു. ഇതിനിടയിലാണ് കുട്ടി മരിച്ചത് ഇൻഫ്ലുവൻസ എ അണുബാധയെ തുടർന്നുള്ള വൈറൽ ന്യൂമോണിയ മൂലമാണെന്ന് വ്യക്തമാക്കുന്ന തരത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ചികിത്സിച്ചതിൽ താമരശ്ശേരി താലൂക്ക് ആശുപത്രി അധികൃതർക്ക് വീഴ്ചപറ്റിയെന്ന് ആരോപിച്ചാണ് കുടുംബം താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam