നടപ്പാതകളില്ല, തെരുവുവിളക്കില്ല, സമാന്തര റോഡുമില്ല: ബൈപ്പാസ് കാൽനട യാത്രക്കാർക്ക് മരണക്കെണി

By Web TeamFirst Published Jun 30, 2019, 10:57 AM IST
Highlights

കാല്‍നട യാത്രക്കാര്‍ ബൈപ്പാസിലൂടെ യാത്ര ഒഴിവാക്കുകയല്ലാതെ അപകടം തടയാൻ മറ്റ് മാര്‍ഗമില്ലെന്നാണ് ദേശീയ പാത അതോറിറ്റിയുടെ പ്രതികരണം

കൊല്ലം: നടപ്പാതകളും കാല്‍നട യാത്രക്കാര്‍ക്ക് റോഡ‍് മുറിച്ച് കടക്കാനുള്ള സംവിധാനവും ഇല്ലാതെ കൊല്ലം ബൈപ്പാസ്. ബൈപ്പാസ് തുറന്ന് അ‍ഞ്ച് മാസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ച പത്ത് പേരിൽ മുന്നൂ പേര്‍ കാല്‍നട യാത്രക്കാരാണ്. കാല്‍നട യാത്രക്കാര്‍ ബൈപ്പാസിലൂടെ യാത്ര ഒഴിവാക്കുകയല്ലാതെ അപകടം തടയാൻ മറ്റ് മാര്‍ഗമില്ലെന്നാണ് ദേശീയ പാത അതോറിറ്റിയുടെ പ്രതികരണം.

ബൈപ്പാസല്ലാതെ മറ്റു വഴിയില്ലാത്തപ്പോൾ ജീവൻ പണയം വച്ചാണ് യാത്ര. സ്കൂൾ കുട്ടികളടക്കം നിരവധി പേരാണ് ദിവസവും ഈ വഴി യാത്ര ചെയ്യുന്നത്. അഞ്ച് മാസത്തിനിടെ മരിച്ച മൂന്നു കാല്‍നട യാത്രക്കാരിൽ രണ്ട് പേര്‍ റോഡിന് വശത്ത് കൂടി നടന്നു പോയവരാണ്. മറ്റൊരാള്‍ക്ക് ജീവൻ നഷ്ടമായത് റോഡ് മുറിച്ചു കടക്കുന്നതിനിടെ.

പത്ത് മീറ്റര്‍ മാത്രം വീതിയുള്ള റോഡ്. സമാന്തര റോഡില്ല. മറ്റൊരു അപകടക്കെണി കൂടി ഒരുക്കിയാണ് കൊല്ലം ബൈപാസ് പണിതത്. റോഡിന് വശത്ത് നടപ്പാതകളുമില്ല. നാല്‍പത് വര്‍ഷം മുമ്പത്തെ രൂപരേഖയിൽ പണിത റോഡ‍ിൽ കാല്‍നട യാത്രക്കാരെ പരിഗണിച്ചതേയില്ല. അഷ്ടമുടിക്കായലിന് മുകളിലൂടെ ഒരു കിലോമീറ്റ‍ർ നീളത്തിൽ ഉള്ള പാലമുണ്ട് ബൈപ്പാസില്‍. ഇതിനുമില്ല നടപ്പാത. 

കായല്‍ ഭംഗി കാണാൻ ഇവിടെയിറങ്ങുന്നവർ നടപ്പാത പോലുമില്ലാത്ത റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യും. ഇതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കാല്‍നട യാത്രക്കാര്‍ നിരന്തരം അപകടത്തിൽപ്പെടുമ്പോഴും പാത നാലുവരിയാകാതെ കാല്‍നട യാത്രക്കാരുടെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് പറഞ്ഞ ദേശീയ പാത അതോറിറ്റി കയ്യൊഴിയുന്നു.

പ്രശ്നങ്ങൾ അതിലും അവസാനിക്കുന്നില്ല. പാലങ്ങളിലൊഴികെ ഒരിടത്തും തെരുവുവിളക്കില്ലാത്തത് കൊണ്ട് രാത്രി കാലത്തും അപകടം വിളിച്ചു വരുത്തുന്നു. കൊല്ലം ബൈപ്പാസ്. വിളക്ക് വയ്ക്കാൻ പൊതുമരാമത്ത് വിളിച്ച യോഗം തീരുമാനമെടുത്തു. പക്ഷേ, ഇതുവരെ വിളക്ക് തെളിഞ്ഞിട്ടില്ല. എല്ലാം കെല്‍ട്രോണിനെ ഏൽപിച്ചിട്ടുണ്ടെന്നാണ് മറുപടി.

click me!