തദ്ദേശ തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published Sep 8, 2020, 10:53 AM IST
Highlights

കൊവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ്  നീട്ടണമെന്ന് ആവശ്യപ്പെടുന്ന ഹർജി തള്ളണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയോട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ കേരള ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് തീയ്യതിയും വിജ്ഞാപനവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. വിശദമായ ചർച്ചകൾക്ക് ശേഷമേ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളൂവെന്നും കമ്മീഷൻ പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ്  നീട്ടണമെന്ന് ആവശ്യപ്പെടുന്ന ഹർജി തള്ളണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയോട് ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയെക്കുറിച്ച് കമ്മീഷന് വ്യക്തമായ ബോധ്യമുണ്ട്. കൊവിഡ് പശ്ചാത്തലത്തിന്‍റെ ഗൗരവം  കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നത്. നിലവിലെ സാഹചര്യത്തെ കുറിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി ചർച്ച നടത്തിയെന്നും കമ്മീഷൻ വ്യക്തമാക്കി. മലപ്പുറം  സ്വദേശി മുഹമ്മദ് റാഫിയുടെ ഹർജിയിലാണ് കമ്മീഷന്‍റെ വിശദീകരണം.

മലപ്പുറം തെന്നല സ്വദേശിയും പൊതു പ്രവർത്തകനുമായി മുഹമ്മദ് റാഫിയാണ് കൊവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തന്‍റെ ഗ്രാമത്തിൽ മാത്രം 63 കൊവിഡ് രോഗികളുണ്ടെന്നും സംസ്ഥാനത്ത് ദിനം പ്രതി 2000 ത്തിന് മുകളിൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണെന്നും ഹർജിക്കാരൻ പറയുന്നു. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ വൻ ദുരന്തമായി മാറുമെന്നാണ് ഹ‍ർജിക്കാരന്റെ പരാതി.

തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍  തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. ഇതനുസരിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ണതോതില്‍ പുരോഗമിക്കുകയാണ്. കൊവിഡ് മഹാമാരിയെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമായ ബോധ്യമുണ്ട്. കോവിഡ് പശ്ചാത്തലത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തിപ്പിനെ കുറിച്ച് ആരോഗ്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയതായും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. എന്നാല്‍ തിരഞ്ഞെടുപ്പിന്‍റെ തിയതി നിശ്ചയിക്കുകയോ വിജ്ഞാപനം പുറത്തിറക്കുകയോ ചെയ്തിട്ടില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ഏജന്‍സികളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ആലോചിച്ചു മാത്രമേ തീരുമാനം എടുക്കൂവെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കോവിഡ് മഹാമാരി കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ഹര്‍ജി തള്ളണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച സമാനമായ മറ്റൊരു ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. മുഹമ്മദ് റാഫി നൽകിയ ഹർജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും.

click me!