'മാപ്പ് പറയേണ്ട സാഹചര്യമില്ല, പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള ബിജെപി ശ്രമം അംഗീകരിക്കില്ല': ഡീന്‍ കുര്യാക്കോസ്

By Web TeamFirst Published Dec 7, 2019, 12:20 PM IST
Highlights

'ബിജെപി എംപിമാരാണ് നടുത്തളത്തിലിറങ്ങി പ്രശ്നമുണ്ടാക്കിയത്'. ഇക്കാര്യങ്ങള്‍ സഭാരേഖകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും ഡീന്‍

തൊടുപുഴ: ലോക്സഭയിലെ പ്രതിഷേധത്തില്‍ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ് എംപി ഡീൻ കുര്യാക്കോസ്. സഭയിൽ പരിധിവിട്ട പ്രതിഷേധം നടത്തിയിട്ടില്ല. ബിജെപി എംപിമാരാണ് നടുത്തളത്തിലിറങ്ങി പ്രശ്നമുണ്ടാക്കിയത്. ഇക്കാര്യങ്ങള്‍ സഭാരേഖകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും ഡീന്‍ കുര്യാക്കോസ്  പ്രതികരിച്ചു. പ്രതിപക്ഷത്തെ അടിച്ചമർത്താനാണ് ബിജെപിയുടെ ശ്രമം. ഇത് അംഗീകരിക്കാനാവില്ലെന്നും ഡീൻ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ലോക്സഭയില്‍ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു സ്മൃതി ഇറാനിക്കും കോൺഗ്രസ് അംഗങ്ങൾക്കും ഇടയിൽ വാക്കേറ്റമുണ്ടായത്. ടിഎൻ പ്രതാപനും ഡീൻ കുര്യക്കോസും തന്നോട് കൈചൂണ്ടി സംസാരിച്ചു എന്ന് സ്മൃതി ഇറാനി ആരോപിച്ചു. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തി. 

സ്പീക്കർക്ക് പരാതി നല്കിയ ബിജെപി രണ്ടു പേരെയും സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം തിങ്കളാഴ്ചത്തെ അജണ്ടയിൽ ഉൾപ്പെടുത്തി. മന്തികൂടിയായ വനിത അംഗത്തോടുള്ള പെരുമാറ്റവും സഭയോടും സ്പീക്കറോടുമുള്ള അനാദരവും കാരണം സസ്പെൻഡ് ചെയ്യാൻ ചട്ടം 374 പ്രകാരമുള്ള പ്രമേയം എന്നാണ് അജണ്ടയിൽ വ്യക്തമാക്കുന്നത്. ബിജെപിക്ക് ഭൂരിപക്ഷം ഉള്ള സാഹചര്യത്തിൽ പാർലമെൻററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അവതരിപ്പിക്കുന്ന പ്രമേയം പാസാകും. 

എന്നാല്‍ എംപിമാരായ ടിഎൻ പ്രതാപൻ, ഡീൻ കുര്യക്കോസ് എന്നിവരെ ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള നീക്കം ചെറുക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.  തിങ്കളാഴ്ച സഭയിൽ ഹാജരാകാനാവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും എംപിമാർക്ക് വിപ്പു നല്കിയിട്ടുണ്ട്.

click me!