
കോഴിക്കോട്: മാസപ്പടി കേസിൽ പിണറായി വിജയനോടുള്ള നിലപാടിൽ ആത്മവഞ്ചന നടത്തിയവർ അണികളെ ബോധ്യപ്പെടുത്തണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ്. കടുത്ത വിമർശനമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ ഉന്നയിച്ചത്. 'രാഷ്ട്രീയ വേട്ട' എന്ന ആരോപണം കേൾക്കുമോ എന്ന ഭയത്തേക്കാൾ പ്രാധാന്യം നൽകേണ്ടത്, പാർട്ടിക്ക് വേണ്ടി ചോരയും നീരും നൽകിയ ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകരുടെ വികാരത്തിനാണ്. 140 അസംബ്ലി മണ്ഡലങ്ങളിലും നമ്മൾ ഉയർത്തിയ അതേ പോരാട്ടവീര്യം ഹൈക്കോടതിയിലെ ഓരോ വാദത്തിലും ഉണ്ടാകണം. ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാട് അണികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാൻ ബന്ധപ്പെട്ടവരും ആത്മവഞ്ചന നടത്തിയവരും ബാധ്യസ്ഥരാണെന്നും ദുൽഖിഫിൽ കുറിച്ചു.
ഉമ്മൻ ചാണ്ടി സാറിന്റെ രക്തവും ആ പവിത്രതയെ ബലാത്സംഗക്കേസിൽ പ്രതിയാക്കാൻ ശ്രമിച്ചവർക്കെതിരെയുള്ള ജനം ഉണർത്തിയ അടങ്ങാത്ത പ്രതിഷേധവുമാണ് യു.ഡി.എഫിനെ ഈ വൻവിജയത്തിലേക്ക് എത്തിച്ചത്! അത് ആരും മറക്കരുത്!
ഉമ്മൻ ചാണ്ടി സാറിന്റെ രക്തവും ആ കുടുംബത്തിന്റെ കണ്ണുനീരും കേരളത്തിന്റെ മണ്ണിൽ ഇപ്പോഴും പച്ചപിടിച്ചു കിടക്കുന്നുണ്ട്! അത് വെറുമൊരു വാക്കല്ല, ആ മനസ്സ് വേദനിപ്പിച്ച് യാത്രയാക്കിയവരുടെ അനീതിക്കെതിരെയുള്ള ജനങ്ങളുടെ അടങ്ങാത്ത പ്രതിഷേധമാണ്. കൊല്ലപ്പെട്ട നമ്മുടെ സഹോദരങ്ങളായ കൃപേഷിനും ശരത് ലാലിനും ശുഹൈബിനും ഒക്കെ സ്നേഹമുള്ള കുടുംബങ്ങളും അവർക്കായി കാത്തിരുന്ന മനുഷ്യരും ഉണ്ടായിരുന്നുവെന്ന കാര്യവും ആരും സൗകര്യപൂർവ്വം മറന്നുപോകരുത്!
പിണറായി വിജയന്റെ അഴിമതികൾക്കെതിരെ ജീവിച്ചിരുന്ന കാലത്ത് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച പി.ടി. തോമസിന്റെ പോരാട്ടവീര്യം നമ്മൾ കണ്ടതാണ്. പിന്നീട് ആ വിഷയങ്ങൾ ഏറ്റെടുത്ത് പോരാടിയ മാത്യു കുഴൽനാടൻ എം.എൽ.എയെയും കുടുംബത്തെയും പിണറായി സർക്കാർ എങ്ങനെയൊക്കെ വേട്ടയാടി എന്ന് ആരും മറന്നിട്ടില്ല! അദ്ദേഹത്തിന്റെ ഓഫീസുകളിലും വീടുകളിലും വിജിലൻസിനെയും പോലീസിനെയും കയറ്റിവിട്ട് പകവീട്ടിയതും, പുനർജനി കേസിന്റെ പേരിൽ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെതിരെ അന്വേഷണം പ്രഖ്യാപിച്ച് വേട്ടയാടാൻ നോക്കിയതുമെല്ലാം അണികളുടെ മനസ്സിലുണ്ട്.
പകപോക്കൽ രാഷ്ട്രീയം കളിച്ചവർക്കെതിരെ ഉറച്ചുനിന്ന നേതാക്കൾക്കും പ്രവർത്തകർക്കും ആത്മാഭിമാനം ഉണ്ട് എന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കുന്നത് നല്ലതാണ്!
ഇപ്പോഴുണ്ടായ അഴിമതി ആരോപണത്തിൽ സാങ്കേതികമായി വ്യക്തത തേടിയതും, നിയമോപദേശത്തിന്റെ പേരിൽ കേസ് നടപടികൾ വൈകിയതും ഒരു പരിധിവരെ മനസ്സിലാക്കാം. പക്ഷേ ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറലും (AG) പ്രോസിക്യൂഷനും സ്വീകരിച്ച മൃദുസമീപനം തികച്ചും സംശയാസ്പദമാണ്! അത് ഒരു കാരണവശാലും യു.ഡി.എഫ് പ്രവർത്തകർക്ക് അംഗീകരിക്കാൻ സാധിക്കില്ല!
പിണറായി വിജയനെതിരെ കോടതിയിൽ കേസ് വന്നപ്പോൾ, ഹർജിക്കാരന്റെ വ്യക്തിശുദ്ധി ചോദ്യം ചെയ്യാനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിക്കാതിരിക്കാനും എ.ജി സ്വീകരിച്ച ഈ നിലപാട് ഏത് നീതിയുടെ ഭാഗമാണ്?
ഉമ്മൻ ചാണ്ടി സാറിനെതിരായി ഒരു വെള്ളക്കടലാസിൽ എഴുതി വാങ്ങിയ, തെളിവിന്റെ ഒരംശം പോലുമില്ലാത്ത പരാതിയുടെ വിശ്വാസ്യത സൗകര്യപൂർവ്വം മറന്നവരാണ് ഇപ്പോൾ കോടതിയിൽ ഇത്തരം വാദങ്ങൾ നിരത്തുന്നത്!
ഒട്ടും വിശ്വാസ്യതയില്ലാത്ത ഒരു സോളാർ തട്ടിപ്പുകാരിയിൽ നിന്ന് പരാതി വാങ്ങി, തെളിവുകളില്ലെന്ന് സ്വന്തം കേരള പോലീസിന് ബോധ്യപ്പെട്ടിട്ടും ഉമ്മൻ ചാണ്ടി സാറിനെ ബലാത്സംഗക്കേസിൽ പ്രതിയാക്കാൻ തുനിഞ്ഞ നീചമായ രാഷ്ട്രീയപ്രവർത്തിക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ് പിണറായി വിജയൻ. സ്വന്തം പോലീസ് അന്വേഷിച്ച് ഒരു തുമ്പും കിട്ടാതിരുന്നിട്ടുകൂടി, ഉമ്മൻ ചാണ്ടി സാറിനെ തകർക്കാനായി കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിലുള്ള സി.ബി.ഐക്ക് കേസ് അന്വേഷണം കൈമാറാൻ പിണറായി വിജയന് അന്ന് ഒരു മടിയും ഉണ്ടായിരുന്നില്ല! ആ മനുഷ്യത്വമില്ലാത്ത രാഷ്ട്രീയ വേട്ടയാടലിന് മുന്നിലാണ് എ.ജി ഇന്ന് മൃദുസമീപനത്തിന്റെ വിചിത്ര നാടകങ്ങൾ കളിക്കുന്നത്!
കൃപേഷിന്റെയും ശരത് ലാലിന്റെയും ശുഹൈബിന്റെയും ചോരയിറ്റുന്ന ശരീരങ്ങൾ കൈകളിൽ ഏന്തി കണ്ണീരണിഞ്ഞ പ്രവർത്തകരുടെ മനസ്സും ഇവിടെയുണ്ട്. അന്നത്തെ ഭരണാധികാരികൾ കൊലയാളികളെ സംരക്ഷിക്കാൻ ഖജനാവിലെ കോടികൾ മുടക്കി വക്കീൽമാരെ ഇറക്കിയതും, ടി.പി. കേസ് പ്രതികൾക്ക് തോന്നുംപടി പരോൾ നൽകിയതും നമ്മൾ കണ്ടതാണ്.
'രാഷ്ട്രീയ വേട്ട' എന്ന ആരോപണം കേൾക്കുമോ എന്ന ഭയത്തേക്കാൾ പ്രാധാന്യം നൽകേണ്ടത്, പാർട്ടിക്ക് വേണ്ടി ചോരയും നീരും നൽകിയ ലക്ഷക്കണക്കിന് യു.ഡി.എഫ് പ്രവർത്തകരുടെ മനോവികാരത്തിനാണ്. 140 അസംബ്ലി മണ്ഡലങ്ങളിലും നമ്മൾ ഉയർത്തിയ അതേ പോരാട്ടവീര്യം ഹൈക്കോടതിയിലെ ഓരോ വാദത്തിലും ഉണ്ടാകണം. ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാട് അണികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാൻ ബന്ധപ്പെട്ടവരും ആത്മവഞ്ചന നടത്തിയവരും ബാധ്യസ്ഥരാണ്!
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam