'ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം'; ക്രൈസ്തവർക്കെതിരായ കേസരിയിലെ ലേഖനം, രൂക്ഷവിമർശനവുമായി ദീപിക പത്രം

Published : Sep 15, 2025, 10:47 AM ISTUpdated : Sep 15, 2025, 11:00 AM IST
kesari article deepika

Synopsis

ക്രൈസ്തവർക്ക് എതിരെ കേസരിയിൽ വന്ന ലേഖനത്തിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭാ മുഖപത്രം ദീപിക.

തിരുവനന്തപുരം: ക്രൈസ്തവർക്ക് എതിരെ കേസരിയിൽ വന്ന ലേഖനത്തിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭാ മുഖപത്രം ദീപിക. ലേഖനം സംഘപരിവാറിന്റെ തനിനിറം വെളിപ്പെടുത്തുന്നതാണെന്നാണ് ദീപികയുടെ വിമർശനം. ക്രൈസ്‌തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം ആണ് നടക്കുന്നതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ക്രൈസ്തവർക്കെതിരേ സംഘപരിവാർ നേതാവ്, ആർഎസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനം തനിനിറം വെളിപ്പെടുത്തുന്നതാണ്. സ്വാതന്ത്യസമരത്തിൽനിന്നു മാറിനിന്ന് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ടുകൊടുത്ത വർഗീയ പ്രസ്ഥാനം, ഇന്നും അതേ പണി തുടരുകയാണ് എന്നും ദീപിക മുഖപ്രസംഗം പറയുന്നു. കേരളത്തിൽ ക്രൈസ്‌തവരുടെ തോളിലേക്കു കൈ നീട്ടി നിൽക്കുന്ന ബിജെപിയു ടെ മറുകൈ എവിടെയാണെന്നു മനസിലാകാത്തവർക്കും മനസിലായില്ലെന്നു നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്ട്ര-മനുസ്‌മൃതി സ്വപ്‌നങ്ങൾ തുടരാം എന്നും ദീപിക പറയുന്നു.

ക്രൈസ്തവർക്കെതിരെ കടുത്ത വിമർശനവുമായിട്ടാണ് ആർഎസ്എസ് മുഖവാരിക കേസരിയിൽ ലേഖനം പ്രസിദ്ധീകരിച്ചത്. ക്രൈസ്തവ രാജ്യം സ്ഥാപിക്കാൻ അടക്കം ശ്രമമുണ്ടെന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റിന്‍റെ ലേഖനത്തിലെ ആരോപണം. ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്താൻ സംസ്ഥാന ബിജെപി കിണഞ്ഞു ശ്രമിക്കുമ്പോഴാണ് കേസരിയിലെ രൂക്ഷമായ കടന്നാക്രമണം.

ഛത്തീസ് ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിന്‍റെ പശ്ചാത്തലത്തിലെ ലേഖനത്തിലാണ് ക്രൈസ്തവ സഭക്കും സഭാനേതൃത്വത്തിനുമെതിരായ കടുത്ത ആരോപണങ്ങളും വിമർശനങ്ങളും. രാജ്യത്തെ നിയമസംഹിത മാറ്റി മതപരിവർത്തനിനുള്ള ശ്രമങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറുന്നതെന്നാണ് വിമർശനം. ആഗോള മതപരിവർത്തനത്തിന്‍റെ നാൾവഴികൾ എന്ന പേരിലാണ് ഹിന്ദുഐക്യ വേദി സംസ്ഥാന പ്രസിഡണ്ട് ഇഎസ് ബിജുവിന്‍റെ ലേഖനം. 

ഛത്തീസ് ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ് അവിടുത്തെ നിയമപ്രകാരമെന്ന് വിശദീകരിക്കുന്ന ലേഖനം അറസ്റ്റ് ന്യൂനപക്ഷ പീഡനമാണെന്ന് പറഞ്ഞ് തെരുവിലിറങ്ങി ഭൂരിപക്ഷ സമൂഹത്തെ വെല്ലുവിളിക്കുന്നുവെന്ന് ആരോപിക്കുന്നു. മതസംഘർഷത്തിന് ശ്രമിക്കുന്ന ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് വിമർശനം ക്രൈസ്തവ രാജ്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജോസഫ് മാഷിന്‍റെ കൈവെട്ടിയപ്പോഴും സിസ്റ്റർ അഭയയുടെ കൊലപാതകത്തിലും സഭാനേതൃത്വം പ്രതിഷേധിച്ചില്ലെന്നും വിമർശനമുണ്ട്. 

കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപിക്കും ഹിന്ദുഐക്യവേദിക്കും നേരത്തെയും രണ്ട് നിലപാടായിരുന്നു. അതിവേഗം മോചനത്തിനായി ബിജെപി ഇടപെട്ടപ്പോൾ അത്ര ആവേശം എന്തിനെന്നായിരുന്നു ഹൈന്ദവസംഘടനകളുടെ നിലപാട്. അതിന്‍റെ തുടർച്ചയായാണ് ലേഖനം സഭാനേതൃത്വത്തെ ഒപ്പം നിർത്താൻ രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രത്യേക ഔട്ട് റീച്ച് യോഗം വരെ നടത്തിയിരുന്നു. ഭൂരിപക്ഷ സമുദായത്തെക്കാൾ ബിജെപി നേതൃത്വം ക്രൈസ്തവ വിഭാഗങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നുണ്ടെന്ന വിമർശനം ഹിന്ദുഐക്യവേദിക്കുണ്ട്. 

 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും