'ദീപുലാൽ പൊലീസിനെ ആക്രമിച്ചിട്ടില്ല', കേസ് കെട്ടിച്ചമച്ചതെന്ന് പരാതി, മനുഷ്യവകാശ കമ്മീഷനെ കാണുമെന്ന് ബന്ധുക്കൾ

By Web TeamFirst Published Jun 11, 2021, 9:42 AM IST
Highlights

ചൊവ്വാഴ്ച രാത്രി പൂയപ്പളളിയിലെ ഹോട്ടലില്‍ മദ്യപിച്ച് ബഹളം വച്ചെന്ന പരാതിയിലാണ് പൊതുപ്രവര്‍ത്തകന്‍ കൂടിയായ ദീപുലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്...

കൊല്ലം: കൊല്ലം പൂയപ്പളളി പൊലീസ് സ്റ്റേഷനുളളില്‍ വച്ച് യുവാവ് പൊലീസുദ്യോഗസ്ഥനെ മര്‍ദിച്ചെന്ന കേസ് കെട്ടിച്ചമച്ചതെന്ന് പരാതി. പൊതുപ്രവര്‍ത്തകന്‍ കൂടിയായ ദീപുലാലിനെതിരെ കളളക്കേസ് ഉണ്ടാക്കാന്‍ ദൃശ്യങ്ങളടക്കം പൊലീസ് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നയാള്‍ ആരോപിച്ചു. പൊലീസിനെ ആക്രമിച്ചെന്നതടക്കമുളള കേസുകള്‍ ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് റിമാന്‍ഡിലായ ദീപുലാലിന്‍റെ കുടുംബം മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ്.

ചൊവ്വാഴ്ച രാത്രി പൂയപ്പളളിയിലെ ഹോട്ടലില്‍ മദ്യപിച്ച് ബഹളം വച്ചെന്ന പരാതിയിലാണ് പൊതുപ്രവര്‍ത്തകന്‍ കൂടിയായ ദീപുലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ വച്ച് ദീപുലാല്‍ എഎസ്ഐ രാജേഷിനെ നിലത്ത് തളളിയിട്ട ശേഷം മര്‍ദിച്ചെന്നായിരുന്നു പൊലീസിന്‍റെ ആരോപണം. ഈ ദൃശ്യങ്ങളും തെളിവായി പൊലീസ് പുറത്തു വിട്ടിരുന്നു. എന്നാല്‍ പൊലീസിന്‍റെ ഈ വാദം പൂര്‍ണമായി തളളുകയാണ് ദീപുലാലിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സുഹൃത്ത് ഷൈന്‍. ദീപു മർദ്ദിച്ച് നിലത്തിട്ടെന്നു വരുത്താന്‍ എഎസ്ഐ രാജേഷ് നിലത്ത് കിടന്ന ശേഷം ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നെന്ന് ഷൈന്‍ പറയുന്നു. പൊലീസിന്‍റെ ഈ നാടകം തന്‍റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന്‍റെ പേരില്‍ ഫോണ്‍ പൊലീസ് പിടിച്ചുവച്ചിരിക്കുകയാണെന്നും ഷൈന്‍ കുറ്റപ്പെടുത്തി.

പൊലീസ് സ്റ്റേഷനിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാക്കിയ ശേഷം ദീപുലാലിനെ പൊലീസ് മര്‍ദിച്ചെന്നും പരാതിയുണ്ട്. വിദ്യാര്‍ഥിയായിരിക്കെ കൊല്ലം നഗരത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ദീപുലാല്‍ പരാതി നല്‍കിയതിന്‍റെ പേരിലുളള പ്രതികാര നടപടിയാണ് ചൊവ്വാഴ്ച ഉണ്ടായതെന്നും കുടുംബം ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മിഷനെയും പൊലീസ് കംപ്ലയിന്‍റ്സ് അതോറിറ്റിയെയും സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

click me!