Muslim League|നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി; അച്ചടക്ക നടപടിയുമായി മുസ്ലീം ലീ​ഗ്

By Web TeamFirst Published Nov 20, 2021, 7:35 PM IST
Highlights

കളമശ്ശേരിയിൽ വിഭാഗീയത തോൽവിക്ക് കാരണമായി.  പല നേതാക്കളും   പ്രചരണത്തിൽ നിന്ന് വിട്ടുനിന്നു. കുറ്റ്യാടിയിലും ഏകോപനമുണ്ടായില്ല. തിരുവമ്പാടിയിൽ വോട്ടുകൾ ക്രോഡീകരിക്കുന്നതിൽ പാളിച്ച പറ്റി. 

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ (Assembly Election) സിറ്റിംഗ് സീറ്റുകളിലുൾപ്പെടെയുളള തോൽവിക്ക് കാരണം സംഘടനാ സംവിധാനത്തിലെ പാളിച്ചയെന്ന് മുസ്ലീം ലീഗ് (Muslim League) ഉപസമിതി റിപ്പോർട്ട്.  കോഴിക്കോട് സൗത്തിലും അഴീക്കോടും ഏകോപനത്തിലെ പിഴവും വിഭാഗീയതയും തിരിച്ചടിയായെന്നും ലീഗ് നേതൃത്വത്തിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഈ മാസം 27 ചേരുന്ന ഉന്നതാധികാര സമിതിയിൽ സംഘടനാ നടപടി പ്രഖ്യാപിക്കും. 

നാല് സിറ്റിംഗ് സീറ്റുകളിലുൾപ്പെടെ 12 നിയമസഭ മണ്ഡലങ്ങളിലെ തോൽവിയെകുറിച്ച്  പഠിച്ച് സമർപ്പിച്ച ഉപസമിതി റിപ്പോർട്ടിലാണ് ഗൗരവമായ കണ്ടെത്തലുകൾ. കോഴിക്കോട് സൗത്തിൽ ഏകോപനക്കുറവുണ്ടായതും ഒരു വിഭാഗം പ്രവർത്തകർ പ്രവർത്തിക്കാത്തതും തിരിച്ചടിയായി. മണ്ഡലം കമ്മിറ്റി പിരിച്ചുവിടാനാണ് ഉപസമിതി ശുപാർശ. പാറയ്ക്കൽ അബ്ദുളള 333 വോട്ടുകൾക്ക് തോറ്റ കുറ്റ്യാടിയിലും വിഭാഗീയതയുണ്ടായി. വേളം പ‌ഞ്ചായത്ത് കമ്മിറ്റിക്കതിരെ നടപടി വേണം. അഴീക്കോട്  യുഡിഎഫ്തെ രഞ്‌ഞെടുപ്പ് കമ്മിറ്റി സംവിധാനം തന്നെ പാളിയെന്നാണ് നിരീക്ഷണം . ഇലക്ഷന് തൊട്ടുപുറകേ, മണ്ഡലത്തിന്‍റെ ചുമതല വഹിച്ച കോൺഗ്രസ് നേതാവ് എൻസിപിയിലേക്ക് പോയത് ഉദാഹരണം.  യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് മത്സരിച്ച താനൂരിലും സ്ഥിതി സമാനമായിരുന്നു. ഇവിടെ ബിജെപി വോട്ടുകൾ ഇടതുമുന്നണിയിലേക്ക് പോയെന്നും റിപ്പോർട്ടിലുണ്ട്.  

തിരുവമ്പാടിയിൽ ക്രിസ്ത്യൻ വോട്ടുകൾ ക്രോഡീകരിക്കാൻ പ്രവർത്തകർക്കായില്ല. വി കെ ഇബ്രാഹം കുഞ്ഞിന്‍റെ മകൻ മത്സരിച്ച  കളമശ്ശേരിയിൽ ഒരുവിഭാഗം നേതാക്കൾ പ്രചരണത്തിൽ നിന്നുവിട്ടു നിന്നത് തിരിച്ചടിയായെന്നും റിപ്പോർട്ടിലുണ്ട്. 27ന് ചേരുന്ന ലീഗ് ഉന്നതാതികാര സമിതിയിൽ, അച്ചടക്ക നടപടികൾക്കൊപ്പം തുടർപ്രവർത്തനങ്ങളിൽ ഉപസമിതി നിർദ്ദേശിച്ച തിരുത്തൽ നടപടികളും ചർച്ചയാകും.

അതിനിടെ, തൃശ്ശൂർ കൈപ്പമംഗലത്ത് മുസ്ലീം ലീഗ് കോൺഗ്രസുമായി ഇടഞ്ഞെന്ന വാർത്ത പുറത്തു വന്നു.  മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട് ഡിവിഷനിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിൽക്കുന്നതായി മുസ്ലീം ലീഗ് കമ്മറ്റി അറിയിച്ചു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലീഗ് നേതൃത്വവുമായി കോൺഗ്രസ് ചർച്ചകൾ നടത്താൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കൈപ്പമംഗലം നിയേജകമണ്ഡലം യുഡിഎഫ് ചെയർമാനെ പങ്കെടുപ്പിക്കാത്തതിലും കമ്മറ്റി പ്രതിഷേധം അറിയിച്ചു.

click me!