മറ്റത്തൂരിലെ കൂറുമാറ്റം; '10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും, ഇത് ചിന്തിക്കാനുള്ള സമയം', മുന്നറിയിപ്പ് നൽകി ജോസഫ് ടാജറ്റ്

Published : Dec 29, 2025, 10:42 AM IST
Thrissur DCC President Joseph Tajet

Synopsis

തൃശൂര്‍ മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ നടപടിയുമായി കോൺഗ്രസ്. 10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും എന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് വ്യക്തമാക്കി

തൃശൂര്‍: തൃശൂര്‍ മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ നടപടിയുമായി കോൺഗ്രസ്. 10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും എന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് വ്യക്തമാക്കി. 10 ദിവസം എന്നത് കൂറുമാറിയവർക്ക് ചിന്തിക്കാനുള്ള സമയമാണെന്നും പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രാജിവെക്കണം. ഇരുവരും രാജി വച്ചാൽ കോൺഗ്രസ് അംഗങ്ങൾക്കെതിരെ എടുത്ത നടപടി ഡിസിസി പുനപരിശോധിക്കും. രാജി വെച്ചില്ലെങ്കിൽ അയോഗ്യരാക്കാനുള്ള നടപടി കോൺഗ്രസ് ആരംഭിക്കും എന്നും ടാജറ്റ് വ്യക്തമാക്കി. അതുപോലെ പാറളത്ത് ബിജെപിക്ക് വോട്ട് ചെയ്താൽ കോൺഗ്രസ് സംഘത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

എന്നാല്‍, മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ ഡിസിസി നേതൃത്വത്തിനെ പഴിച്ച് തടിയൂരാന്‍ ശ്രമിക്കുകയാണ് കൂട്ടത്തോടെ മറുകണ്ടം ചാടിയ കോൺഗ്രസ് അംഗങ്ങൾ. കോൺഗ്രസ് വിമതനെ കൂട്ടുപിടിച്ച് ഇടതുമുന്നണി അധികാരത്തിലെത്താന്‍ നടത്തിയ നീക്കത്തെ പ്രതിരോധിക്കാനായാണ് ബിജെപി പിന്തുണ സ്വീകരിച്ചതെന്നാണ് പാർട്ടി പ്രാഥമിക അംഗത്വം തന്നെ രാജിവച്ച് വോട്ടെടുപ്പിനെത്തിയ അംഗങ്ങളുടെ വാദം. കോൺഗ്രസിൽ തുടരാൻ ആഗ്രഹിക്കുന്നെന്ന് പറയുന്നതിനൊപ്പം തന്നെ ബിജെപി പിന്തുണയോടെ കിട്ടിയ പദവികള്‍ രാജിവയ്ക്കില്ലെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്. അതേസമയം, മറ്റത്തൂരിലെ ഓപ്പറേഷൻ ലോട്ടസ് കോൺഗ്രസിനെതിരായ രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം നേതാക്കൾ രംഗത്തിറങ്ങി.

മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ വിജയിച്ചത് എട്ടുപേരാണ്. കോണ്‍ഗ്രസ് വിമതരായി മത്സരിച്ചു ജയിച്ചവര്‍  രണ്ട്. ഇടതു മുന്നണിക്ക് പത്ത് സീറ്റ് ലഭിച്ചു. ബിജെപിക്ക് ലഭിച്ചത് നാല് സീറ്റ്. 10-10 എന്ന തുല്യ നിലയില്‍ വോട്ടു വന്നാല്‍ നറുക്കെടുപ്പിലൂടെ ഭരണം തീരുമാനിക്കുമെന്ന് കരുതിയിടത്തുണ്ടായ അട്ടിമറിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.  കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് കരുതിയ വിമതർ കെ ആര്‍ ഔസേപ്പിനെ സിപിഎം റാഞ്ചിയതിന്‍റെ പ്രതികാരമായിട്ടായിരുന്നു  ബിജെപി പിന്തുണയില്‍ ഭരണം പിടിച്ചതെന്ന് കൂറുമാറിയവര്‍ വിശദീകരിക്കുന്നു. അപ്പോഴും ബിജെപി പിന്തുണ തേടിയതില്‍ അവർക്ക് തരിമ്പും കുറ്റബോധമില്ല. അതുകൊണ്ടു തന്നെ രാജിയില്ല എന്ന തീരുമാനത്തിലാണ്.

പഴി മുഴുവന്‍ ഡിസിസിക്കാണ്. വിപ്പ് നല്‍കിയെന്ന് ഡിസിസി  അധ്യക്ഷന്‍ പറഞ്ഞത് പച്ചക്കള്ളമെന്നും കൂറുമാറിയവര്‍ പറയുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച ശേഷം ബിജെപി പിന്തുണ തേടിയത് അടക്കമുള്ള കാര്യങ്ങളില്‍ ആസൂത്രണം വ്യക്തവുമാണ്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ പത്ത് പഞ്ചായത്ത് അംഗങ്ങളെയും രണ്ട് പാര്‍ട്ടി ഭാരവാഹികളെയും തിരിച്ചെടുത്താല്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവച്ച് മുഖം രക്ഷിച്ചു തരാമെന്നാണ് കൂറുമാറിയവര്‍ പറയുന്നത്. അത് ഡിസിസി നേതൃത്വത്തില്‍ സ്വീകാര്യമായേക്കില്ല.  ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ രാഷ്ട്രീയ നേട്ടം ഇടതു പക്ഷത്തിനാണ്. അത് മുതലെടുക്കാനുള്ള നീക്കങ്ങൾ അവർ തുടങ്ങിക്കഴിഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയ കോണ്‍ഗ്രസിനെ അടിക്കാന്‍ ഇതിലും നല്ലൊരു വടി ഇനി കിട്ടില്ല. മറ്റത്തൂര്‍ മോഡലിനെപ്പറ്റി വിശദീകരിച്ച് വിയർക്കുന്ന നേതൃത്വം അല്പം ജാഗ്രത കിട്ടിയിരുന്നെങ്കിൽ ഈ സാഹചര്യം തന്നെ ഒഴിവാക്കാനാകുമായിരുന്നു. സ്ഥാനാർഥി നിർണയം മുതൽ അവസാന നിമിഷം നടന്ന നാടകീയ നീക്കങ്ങൾ തിരിച്ചറിയുന്നതിൽ വരെ ഡിസിസി നേതൃത്വത്തിന് ഉണ്ടായത് ഗുരുതര പിഴവാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നയതന്ത്ര സ്വര്‍ണക്കടത്ത് കേസ്; ജസ്റ്റിസ് വികെ മോഹനൻ കമ്മീഷന്‍റെ സ്റ്റേയ്ക്കെതിരെ അപ്പീൽ നൽകി സംസ്ഥാന സര്‍ക്കാര്‍
ഓഫീസ് കെട്ടിട വിവാദം: എംഎൽഎ ​ഹോസ്റ്റലിൽ പ്രശാന്തിന് മുറിയുണ്ട്; വികെ പ്രശാന്ത് എംഎൽഎക്കെതിരെ കെ എസ് ശബരീനാഥൻ