
ദില്ലി: അരവിന്ദ് കെജ്രിവാളിൻ്റെ ജാമ്യ ഹർജി പരിഗണിക്കാനിരിക്കെ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ അംഗീകരിക്കാതെ സുപ്രീംകോടതി. ജാമ്യത്തിനായി വിചാരണ കോടതിയിലേക്ക് പോകാൻ സുപ്രീംകോടതി നിർദ്ദേശം നല്‍കി. കെജ്രിവാളിൻ്റെ അപേക്ഷ പരിഗണിക്കുന്ന ബഞ്ചാണ് കവിതയുടെ അപേക്ഷയിലും വാദം കേട്ടത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദരേശ്, ബേല എം ത്രിവേദി എന്നിവരുടെ മൂന്നംഗ ബഞ്ച് രാവിലെ പത്തരയ്ക്കാണ് ദില്ലി മദ്യനയ കേസിൽ കെ കവിത നല്‍കിയ ജാമ്യാപേക്ഷ പരിഗണിച്ചത്. മാപ്പ് സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാത്തിലാണ് കവിതയെ അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ജാമ്യത്തിന് വീണ്ടും ഹൈക്കോടതിയിലേക്ക് പോകാൻ പറയരുതെന്ന് സിബലിൻ്റെ അപേക്ഷ കോടതിയിൽ ചിരി ഉയർത്തി. രാജ്യത്ത് നടക്കുന്ന സംഭവങ്ങളിൽ നിരാശയുണ്ടെന്നും കപിൽ സിബൽ പറഞ്ഞു. അഭിഭാഷകൻ എന്ന നിലയ്ക്ക് നിരാശ വേണ്ടെന്ന് പ്രതികരിച്ച കോടതി ജാമ്യത്തിന് നേരിട്ട് സുപ്രീംകോടതിയിൽ വരുന്നത് ശരിയല്ല എന്ന് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ നിലനില്‍ക്കുന്ന ചട്ടങ്ങൾ ലംഘിക്കാനാവില്ല. വിചാരണ കോടതിയെ സമീപിക്കാൻ ഉപദേശിച്ച കോടതി ഇക്കാര്യം വേഗത്തിൽ പരിഗണിക്കണം എന്ന നിർദ്ദേശവും നല്‍കി.
കള്ളപ്പണ നിരോധന ചട്ടങ്ങൾ ചോദ്യം ചെയ്തുകൊണ്ടുള്ള കവിതയുടെ ഹർജി പൊതുവായി പരിഗണിക്കും. ഇതിന് മറുപടി നല്‍കാൻ ഇഡിക്ക് കോടതി നോട്ടീസ് നല്‍കി. ഹേമന്ദ് സോറൻ്റെ ഹർജി വന്നപ്പോഴും ആദ്യം ഹൈക്കോടതിയെ സമീപീക്കാനാണ് ഇതേ ബഞ്ച് ഉത്തരവ് നല്‍കിയത്. അതിനാൽ കെജ്രിവാളിൻ്റെ അപേക്ഷയുടെ കാര്യത്തിൽ വ്യത്യസ്ത നിലപാടുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam