കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Published : Mar 22, 2024, 10:46 AM ISTUpdated : Mar 22, 2024, 01:07 PM IST
കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം;  മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Synopsis

പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. 

തൃശ്ശൂർ: നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തൃശ്ശൂർ എസ്പിയും സാംസ്കാരിക വകുപ്പ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15  ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.  

അധിക്ഷേപ പരാമർശത്തിനെതിരായ പ്രതിഷേധ നൃത്തത്തിന് ശേഷം വലിയ പിന്തുണയാണ് ആർഎൽവി രാമകൃഷ്ണനെത്തേടിയെത്തുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി സാസംസ്കാരിക പ്രവർത്തകരാണ് പിന്തുണ അറിയിച്ച് വിളിക്കുന്നത്. സത്യഭാമയുടെ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പിനും പൊലീസിനും പരാതി നൽകുമെന്ന് രാമകൃഷ്ണൻ വ്യക്തമാക്കി. അഭിഭാഷകനുമായി കൂടിയാലോചിച്ച ശേഷം വരും ദിവസങ്ങളിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ആർഎൽവി രാമകൃഷ്ണന്റെ നീക്കം. ഇതിനിടെ നർത്തകന് തന്റെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് വേദിയൊരുക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. പിന്നാലെ രാമകൃഷ്ണനുമായി ഫോണിൽ സംസാരിച്ച സുരേഷ് ഗോപി നേരിട്ട് പരിപാടിക്ക് ക്ഷണിച്ചു.  

പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. "മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല"- ഇതായിരുന്നു വീഡിയോയിലെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന. യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് വിവാദ  പരാമര്‍ശം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'
ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി; വിമർശനം വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചതിനെതിരെ