
ദില്ലി : കേന്ദ്ര സർക്കാരിന് കീഴിലുള്ള ദില്ലി വികസന അതോറിറ്റി അനധികൃതമെന്ന പേരിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ തുടങ്ങിയതോടെ പെരുവഴിയിലായി ദില്ലി മലയാളികൾ. ഡിഡിഎയുടെ സ്ഥലത്താണെന്ന കാരണം പറഞ്ഞാണ് വര്‍ഷങ്ങളായുള്ള കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നത്. എന്നാൽ മുൻസിപ്പൽ കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിലുള്ള ബിജെപിയുടെ അമർഷമാണ് നടപടിക്ക് പിന്നിലെന്ന് പ്രതിഷേധിക്കുന്ന മലയാളികൾ ആരോപിച്ചു.
ഒരു മാസം മുമ്പാണ് മെഹറോളിയിലെ വീടുകൾ സ്ഥിതി ചെയ്യുന്നത് കൈയ്യേറ്റ ഭൂമിയിലാണെന്ന് കാണിച്ച് ദില്ലി വികസന അതോറിറ്റി ഒഴിപ്പിക്കല്‍ നോട്ടീസ് നൽകിയത്. മൂന്ന് ദിവസം മുമ്പ് ബുൾഡോസറുമായി എത്തിയ അധികൃതർ കെട്ടിടങ്ങൾ പ്രതിഷേധങ്ങള്‍ അവഗണിച്ച് പൊളിച്ചു തുടങ്ങി.
നൂറിലധികം മലയാളി കുടുംബങ്ങള്‍ ഡിഡിഎയുടെ നടപടിയിൽ വീട് നഷ്ടപ്പെടുമെന്ന ഭീതിയിലാണ്.രജിസ്ട്രേഷന്‍ രേഖകളുണ്ടായിട്ടും നടപടിയുമായി മുന്നോട്ട് പോകുന്നതിലാണ് ഇവരുടെ പ്രതിഷേധം. സര്‍വേ നടത്തി കയ്യേറ്റം കൃത്യമായി കണ്ടെത്തിയ ശേഷമേ നടപടിയാകൂവെന്ന ദില്ലി സര്‍ക്കാരിന്‍റെ നിലപാടും ഡിഡിഎ തള്ളിയിരിക്കുകയാണ്.
Read More : വ്യാജ ജനന സർട്ടിഫിക്കറ്റ് : കുഞ്ഞിനെ പണംകൊടുത്ത് വാങ്ങിയതല്ല ,യഥാർഥ അമ്മ അവിവാഹിത-തൃപ്പൂണിത്തുറയിലെ ദമ്പതികൾ