ദില്ലി യുവതിയുടെ മരണം; അപകട സമയത്ത് ഒപ്പമുണ്ടായ സുഹൃത്ത് കടന്നുകളഞ്ഞു? ദുരൂഹത വർധിക്കുന്നു

Published : Jan 03, 2023, 09:43 AM ISTUpdated : Jan 03, 2023, 10:36 AM IST
ദില്ലി യുവതിയുടെ മരണം; അപകട സമയത്ത് ഒപ്പമുണ്ടായ സുഹൃത്ത് കടന്നുകളഞ്ഞു? ദുരൂഹത വർധിക്കുന്നു

Synopsis

സംഭവത്തിൽ ദില്ലി പോലീസ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകും. ഇന്നലെ സംഭവത്തിൽ അമിത് ഷാ റിപ്പോർട്ട് തേടിയിരുന്നു. ഷായുടെ നിർദേശ പ്രകാരം മുതിർന്ന ഉദ്യോഗസ്ഥൻ കേസന്വേഷണം ഇന്ന് ഏറ്റെടുക്കും

ദില്ലി: ദില്ലിയിൽ കാറിനടിയിൽ കുടുങ്ങി യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. അപകട സമയത്ത് യുവതിക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു എന്ന് കണ്ടെത്തി. യുവാക്കളുടെ കാറുമായി കൂട്ടിയിടിച്ചപ്പോൾ ചെറിയ പരുക്കേറ്റ പെൺകുട്ടി സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു എന്നും പോലീസ്. മുഖ്യമന്ത്രിയോ ലഫ്റ്റനന്റ് ഗവർണറോ വീട്ടിൽ വരാതെ മൃതദേഹം സംസ്കരിക്കില്ല എന്ന് കുടുംബം നിലപാടടുത്തു. സിബിഐ അന്വേഷണം വേണമെന്നും പെൺകുട്ടിയുടെ അമ്മയുടെ സഹോദരൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്ന ഗവർണർ ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.

സംഭവത്തിൽ ദില്ലി പോലീസ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകും. ഇന്നലെ സംഭവത്തിൽ അമിത് ഷാ റിപ്പോർട്ട് തേടിയിരുന്നു. ഷായുടെ നിർദേശ പ്രകാരം മുതിർന്ന ഉദ്യോഗസ്ഥൻ കേസന്വേഷണം ഇന്ന് ഏറ്റെടുക്കും. 3 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലുള്ള പ്രതികളായ 5 യുവാക്കളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ദില്ലി പോലീസിന്റെ സുരക്ഷാ വീഴ്ച ഉയർത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് ആംആദ്മി പാർട്ടിയുടെ തീരുമാനം. യുവതിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇന്ന് പോലീസിന് ലഭിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യുവതി പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് വ്യക്തമാകൂ എന്നാണ് പോലീസ് അറിയിക്കുന്നത്.

കേന്ദ്രസർക്കാറിന് കീഴിലുള്ള ദില്ലി പോലീസ് കേസൊതുക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് അമിത് ഷാ ഇടപെട്ടത്. ദില്ലി ലഫ്റ്റനന്റ് ഗവർണറുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാർച്ചും കേന്ദ്രത്തിന്റെ ഇടപെടലിന് കാരണമായി. നിരവധി സംശയങ്ങൾ അവശേഷിപ്പിക്കുന്ന  ദാരുണമായ മരണത്തിൽ സുൽത്താൻപുരി പോലീസാണ് നിലവിൽ കേസന്വേഷിക്കുന്നത്. സമഗ്രമായ അന്വേഷണ വേണമെന്ന നിലപാടിലാണ് മുതിർന്ന ഉദ്യോഗസ്ഥനെ കേസന്വേഷിക്കാൻ അമിത് ഷാ ചുമതലപ്പെടുത്തിയത്.

യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്ന് ആദ്യം പറഞ്ഞ പോലീസ്, പോസ്റ്റ്മോർട്ടത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പിന്നീട് തിരുത്തിയിരുന്നു. പ്രതികളിലൊരാൾ ബിജെപി പ്രവർത്തകനാണെന്ന് ആംആദ്മി പാർട്ടി  ആരോപിച്ചു. പുതുവത്സര ദിനമായിട്ടുപോലും അപകടം നടന്ന മേഖലയിൽ പോലീസ് വിന്യാസമില്ലാതിരുന്നത് സുരക്ഷാ വീഴ്ചയാണെന്നും ആപ് നേതാക്കൾ ആരോപിക്കുന്നു.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം