
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കുന്നതിന് പുതിയ സർക്കാർ പ്രഥമ പരിഗണന നൽകണമെന്ന് സമര സമിതി. പദ്ധതി ഉപേക്ഷിച്ചോ ഇല്ലയോ എന്ന് അറിയാത്തതിനാൽ പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്ക ഇപ്പോഴും തുടരുകയാണ്. കേസുകൾ പിൻവലിക്കണമെന്നും പൊലീസ് അതിക്രമത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.
അഞ്ച് വർഷം മുൻപിട്ട മഞ്ഞക്കുറ്റി ഇപ്പോഴുമുണ്ട് വീട്ടുമുറ്റത്ത്. മഴയും വെയിലും കൊണ്ട് നിറം മാറി. പക്ഷേ വർഷങ്ങൾക്കിപ്പുറവും ആശങ്ക മാറിയിട്ടില്ല കോഴിക്കോട് ചെറുവണ്ണൂരുകാർക്ക്. ചിലർ മഞ്ഞക്കുറ്റികൾ പിഴുത് പിന്നാമ്പുറത്തിട്ടു. 1500 ദിവസം തുടർച്ചയായി ഉപവാസ സമരം നടത്തിയ കാട്ടിൽപീടികക്കാർക്കും ആശങ്ക വിട്ടുമാറിയിട്ടില്ല. ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിയെങ്കിലും വിൽപ്പന നടക്കുന്നില്ല. വായ്പ കിട്ടാനും തടസ്സമുണ്ട്.
എൽഡിഎഫ് സർക്കാരിന്‍റെ അതിവേഗ റെയിൽ പദ്ധതിയുടെ തുടർച്ചയിലും സമര സമിതിക്ക് ആശങ്കയുണ്ട്. യുഡിഎഫ് നേതാക്കൾ പദ്ധതി ഉപേക്ഷിക്കുമെന്ന് പറഞ്ഞിട്ടുണ്ട്, അതേസമയം അതിവേഗ റെയിൽ സംവിധാനങ്ങൾ വേണമെന്ന പ്രഖ്യാപനവും നടത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam