
കൊച്ചി: മരടിൽ പൊളിക്കാനുള്ള ഫ്ലാറ്റുകളിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിക്കുന്നത് ഇന്നും തുടരും. ജെയിൻ കോറൽ കോവിലും ആൽഫ സെറീൻ ഫ്ലാറ്റിന്റെ ഒരു ടവറിലുമാണ് ഇപ്പോൾ സ്ഫോടക വസ്തുക്കൾ സ്ഥാപിക്കുന്നത്. അതിനിടെ, ഫ്ലാറ്റുകൾ പൊളിക്കുന്നത് പഴയ സമയക്രമം പോലെ വേണമെന്ന ആവശ്യം ശക്തമാക്കുകയാണ് നാട്ടുകാർ.
ഹോളിഫെയ്ത്ത് പൊളിച്ച് അതിന്റെ ആഘാതം മനസിലാക്കിയ ശേഷമേ ആൽഫാ സെറീൻ പൊളിക്കാൻ പാടുള്ളൂ എന്നാണ് നാട്ടുകാരുടെ ആവശ്യം. ഹോളിഫെയ്ത്ത് പൊളിച്ച ശേഷമുള്ള ആഘാതം മനസിലാക്കാൻ നിലവിലുള്ള അഞ്ച് മിനിറ്റിന്റെ ഇടവേള മതിയാകില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നാട്ടുകാർ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു. നിലവിൽ ശനിയാഴ്ച രാവിലെ 11 നും 11.05നുമാണ് ഫ്ലാറ്റുകൾ പൊളിക്കുന്നത്. ഇത് ആദ്യം നിശ്ചയിച്ചിരുന്നത് പോലെ 11 നും 11.30 നും ആക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, ഫ്ലാറ്റുകളിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്. ജെയിൻ കോറൽ കോവിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിക്കുന്നത് ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയായേക്കും. ആൽഫ സെറീനിലേത് പൂർത്തിയാകാൻ രണ്ട് ദിവസം കൂടി വേണ്ടി വരും. സ്ഫോടനത്തിന്റെ ആഘാതം കുറക്കാൻ ആൽഫ സെറീൻ ഫ്ലാറ്റുകൾക്കു ചുറ്റും കിടങ്ങ് കുഴിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. മരട് നഗരസഭയുടെ അടിയന്തിര കൗൺസിൽ യോഗവും ഇന്ന് നടക്കും. ഫ്ലാറ്റുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിലും നാട്ടുകാരുടെ ആശങ്ക പരിഹരിക്കുന്നതിലും സ്വീകരിക്കേണ്ട നടപടികൾ യോഗം ചർച്ച ചെയ്യും. റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീടുകൾ തോറും എത്തിയുള്ള ബോധവത്ക്കരണ പരിപാടികളും തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam