'നാട് വൃത്തിയാക്കാനും വേണം സഹകരണം'; മാലിന്യ സംസ്കരണ വഴിയിലേക്കിറങ്ങി സഹകരണ വകുപ്പ്

By Web TeamFirst Published Aug 18, 2022, 10:47 PM IST
Highlights

ഇ-നാട് യുവജനസംഘമാണ്  പദ്ധതി നടപ്പാക്കുക. സാങ്കേതിക സഹകരണം നൽകുന്നത് അമൽജ്യോതി എൻജിനീയറിംഗ്  കോളജിലെ സ്റ്റാർട്ട്അപ്പായ ഫോബാണ്.

കോട്ടയം : സംസ്ഥാനത്തെ സഹകരണ മേഖലയിൽ നിന്ന് സമീപകാലത്ത് കേൾക്കുന്നതൊന്നും അത്ര ശുഭകരമായ വാർത്തകളല്ല. എന്നാൽ  ജനകീയ മുഖം തിരിച്ചു പിടിക്കാനുള്ള പുതിയൊരു പദ്ധതി കൂടി ആവിഷ്കരിച്ചിരിക്കുകയാണ് സഹകരണ വകുപ്പ്. "ശുചിത്വം സഹകരണം " എന്നാണ് പുതിയ പദ്ധതിയുടെ പേര്. അംഗനവാടി മുതൽ എൽ പി സ്കൂൾ തലം വരെയുള്ള വിദ്യാർത്ഥികൾക്കിടയിൽ ശുചിത്വബോധം വളർത്താൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം കിളിരൂരിൽ സഹകരണ മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.

കുട്ടികൾക്ക് പുതിയ മാലിന്യ സംസ്ക്കരണ - ശുചിത്വ ശീലം പകർന്നു നൽകി മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജൈവമാലിന്യത്തെ കംപോസ്റ്റാക്കി  മാറ്റു ന്നതിനുള്ള ഉറവിട മാലിന്യ ബിന്നുകൾ അങ്കണവാടിയിലും സ്കൂളിലും സ്ഥാപിക്കും. ടീച്ചർമാർക്ക് മാലിന്യസംസ്കരണ രീതികൾ പഠിപ്പിച്ച് നൽകും. മാലിന്യം ശാസ്ത്രീയമായി തരംതിരിച്ച് എങ്ങനെ ശാസ്ത്രീയമായി സംസ്ക്കരിക്കാമെന്നും പഠിപ്പിക്കും. മാലിന്യങ്ങൾ അതത് ബിന്നുകളിലേക്ക് ഇടുന്നതു ദിവസേന കാണുന്ന കുട്ടികൾക്ക് മാലിന്യ നിർമ്മാർജ്ജനത്തിൽ അവബോധം ലഭിക്കും. വീടുകളിലും ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കപ്പെടും.

നമ്മൾ സൃഷ്ടിക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന ചിന്ത കുട്ടികളുടെ മനസ്സിൽ വളർത്തും. ഖരമാലിന്യങ്ങൾ തരംതിരിച്ച് വിവിധ ബിന്നുകളിൽ സൂക്ഷിക്കുകയും  ഹരിതകർമ്മസേനയ്ക്ക് കൈമാറുകയും ചെയ്യും. കുട്ടികൾ വീടുകളിലും അങ്ങനെ ചെയ്യുന്നതിന് മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കും. ചെറുപ്പം മുതലേ ശുചിത്വ ശീലം വളർത്തുകയാണ് ലക്ഷ്യം. 

ഇ-നാട് യുവജനസംഘമാണ്  പദ്ധതി നടപ്പാക്കുക. സാങ്കേതിക സഹകരണം നൽകുന്നത് അമൽജ്യോതി എൻജിനീയറിംഗ്  കോളജിലെ സ്റ്റാർട്ട്അപ്പായ ഫോബാണ്. കോട്ടയം ജില്ലയിൽ  ആരംഭിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സഹകരണ വകുപ്പ്  ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.സഹകരണമേഖലയിൽ നിന്നുള്ള സർവ്വീസ് പ്രൊവൈഡർ ഇ-നാട് യുവജന സഹകരണ സൊസൈറ്റിയാണ്.

Read More : കാസര്‍ഗോഡ് എൻഡോസൾഫാൻ ഇരകൾക്കുള്ള ചികത്സ സൗകര്യം; റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതി

click me!