ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കാസർഗോഡ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയോട് നിർദേശിച്ചു.

ദില്ലി: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്കുള്ള ചികത്സ സൗകര്യം സംബന്ധിച്ച റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി നിർദേശിച്ചു. കാസർഗോഡ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സെക്രട്ടറിയോട് ആണ് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരിക്കുന്നത്. ആറ് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അതോറിറ്റി സെക്രട്ടറിയോട് നിർദേശിച്ചു.

ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് മുപ്പത്തിയെട്ട് പഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലും പാലിയേറ്റിവ് കെയര്‍ യൂണിറ്റുകള്‍ പ്രവർത്തിക്കുന്നെണ്ടെന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിന് പുറമെ ജില്ലാ ആശുപ്രത്രിയിലും, മറ്റ് സർക്കാർ ആശുപത്രികൾക്കും ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേസമയം ജില്ലയിൽ ഉള്ള ചികത്സ സൗകര്യങ്ങൾ പലതും അപര്യാപതം ആണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.എൻ രവീന്ദ്രനും, അഭിഭാഷകൻ പി.എസ് സുധീറും കോടതിയെ അറിയിച്ചു.

ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ കാസർകോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് നിര്ദേശിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഈ ആവശ്യം ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. നേരത്തെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്ന ഹര്‍ജിയില്‍ കേരള സര്‍ക്കാർ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അര്‍ധസത്യങ്ങളുടെ കൂമ്പാരമാണെന്ന് ആരോപിച്ച് പരാതി നല്‍കിയ സെര്‍വ് കളക്ടീവ്സ് എന്ന സംഘടന രംഗത്തെത്തിയിരുന്നു. 

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ന്യൂറോളജിയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ നടപ്പിലാക്കി എന്നാണ് സത്യവാങ്മൂലത്തില്‍. എന്നാല്‍ രണ്ട് ആശുപത്രികളിലും ഓരോ ന്യൂറോളജിസ്റ്റിനെ വീതം നിയമിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇലക്ട്രോ എന്‍സഫലോഗ്രാം മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ടെകനീഷ്യന്‍മാരില്ല. ഒരു ന്യൂറോളജി യൂണിറ്റില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനം നൽകുന്നതിന് മൂന്ന് ന്യൂറോളജിസ്റ്റുകളെങ്കിലും വേണം. ഒരു ഇന്‍റര്‍വെന്‍ഷന്‍ സ്ട്രോക് കെയര്‍ ലാബും വേണം.

 ത്രീതിയ പരിചരണം നല്കുന്നതിന് രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുണ്ടെന്നും പരിയാരം മെഡിക്കല്‍ കോളേജ് കാസര്‍കോട് അതിർത്തിയില്‍ നിന്ന് 22 കിലോമീറ്റര്‍ മാത്രം അകലെയാണെന്നും സത്യവാങ്മൂലത്തിലുണ്ട്. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് രോഗിയെ റഫര്‍ ചെയ്യുമ്പോള്‍ 40 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. എന്‍മകജെ പോലുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത പ്രദേശങ്ങളിലെ രോഗികള്‍ക്കാവട്ടെ 90 മുതല്‍ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ട സാഹചര്യം ഉണ്ടെന്നാണ് സെര്‍വ് കളക്ടീവ്സ് പറയുന്നത്.