ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ കരുത്താർജിച്ച് അറബിക്കടലിൽ എത്തി

By Web TeamFirst Published Nov 3, 2021, 5:54 PM IST
Highlights

കേരളത്തിൽ നവംബർ ഏഴ് വരെ  ഇടി മിന്നലോട് കൂടിയ  മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. ഇന്നും നാളെയും  ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. 
 

തിരുവനന്തപുരം:  തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ (bengal sea) രൂപം കൊണ്ട ന്യൂനമർദ്ദം (depression) അറബിക്കടലിലേക്ക് (arabian sea) എത്തി. കോമറിൻ ഭാഗത്തു നിന്ന് ഇന്ന് രാവിലെ 8.30 ഓടെ  അറബിക്കടലിൽ പ്രവേശിച്ച് ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്ക് കിഴക്കൻ അറബികടലിലുമായിട്ടാണ് ഇപ്പോൾ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. അടുത്ത മൂന്ന് ദിവസം വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചാരിക്കുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കാൻ  സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥവകുപ്പ് അറിയിച്ചു. ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളിൽ കിഴക്കൻ കാറ്റ് ശക്തിപ്രാപിക്കാനാണ് സാധ്യത. കേരളത്തിൽ നവംബർ ഏഴ് വരെ  ഇടി മിന്നലോട് കൂടിയ  മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. ഇന്നും നാളെയും  ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. 

അടുത്ത മൂന്ന് ദിവസം വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കിഴക്കൻ കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മറ്റു ജില്ലകളിൽ യെല്ലോ അലർടായിരിക്കും. ഞായറാഴ്ച വരെ ഇടി മിന്നലോടു കൂടിയ മഴ തുടരും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. 

ഒരു മണിക്കൂറിൽ എണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ 55 മില്ലീ മീറ്റർ മഴയും ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ 51 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പ്രദേശങ്ങളിൽ സമാനമായ രീതിയിൽ ശക്തമായ ഒറ്റപ്പെട്ട മഴയുണ്ടാവും. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ മുളംകുന്ന് ഭാഗത്ത്‌ ഉരുൾ പൊട്ടിയതായി സംശയമുണ്ട്. തിരുവനന്തപുരം തെക്കുംപാറ അമ്പൂരിയിലും ചെറിയ മണ്ണിടിച്ചിലുണ്ടായി.

click me!