കെഎസ്ആര്‍ടിസി ക്രമക്കേട്: 'ആര്‍ക്കിടെക്ടിനും എഞ്ചിനിയർക്കുമെതിരെ കേസ് എടുക്കണം', വിജിലന്‍സ് റിപ്പോര്‍ട്ട്

By Web TeamFirst Published Nov 3, 2021, 5:27 PM IST
Highlights

ചെന്നൈ ഐഐടി സംഘത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് ബസ് ടെര്‍മിനലിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തി വയ്ക്കണമെന്നും വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

കോഴിക്കോട്: കെഎസ്ആര്‍ടിസി (KSRTC) ടെര്‍മിനല്‍ നിര്‍മാണ ക്രമക്കേടില്‍ ആര്‍ക്കിടെക്ട് ആര്‍ കെ രമേശിനും കെടിഡിഎഫ്സി (ktdfc) മുന്‍ ചീഫ് എന്‍ജിനീയര്‍ എസ്ആര്‍ജെ നവകുമാറിനും എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് വിജിലന്‍സിന്‍റെ  റിപ്പോര്‍ട്ട് (vigilance ). ചെന്നൈ ഐഐടി സംഘത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് ബസ് ടെര്‍മിനലിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തി വയ്ക്കണമെന്നും വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ഷാജി വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തിലുളള സംഘമാണ് പ്രാഥമിക അന്വേഷണം നടത്തിയത്. 

കോഴിക്കോട്ടെ ബസ് ടെര്‍മിനല്‍ സംബന്ധിച്ച് ചെന്നൈ ഐഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തളളണോ കൊളളണോ എന്നതില്‍ കെഎസ്ആര്‍ടിസിയും കെടിഡിഎഫിസിയും തമ്മില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

 ചെന്നെ ഐഐടി റിപ്പോര്‍ട്ട് ശരി വയ്ക്കുന്ന നിലയിലാണ് കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ടെര്‍മിനലിന്‍റെ നിലവിലെ സ്ഥിതിയെന്നാണ് ഡിവൈഎസ്പി ഷാജി വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തിലുളള  സംഘത്തിന്‍റെ പ്രാധാന കണ്ടെത്തൽ. 
കെഎസ്ആർടിസി ടെർമിനലിൽ നിന്നും ഒഴിയണം, കോഴിക്കോട്ട് കടയുടമകൾക്ക് നോട്ടീസ്

ബസ് ബേ സ്ഥിതി ചെയ്യുന്ന നിലയിലെ സ്ളാബിലും നിരവധി തൂണുകളിലും വിളളലുകളുണ്ട്. ബസ് ബേ സ്ഥിതി ചെയ്യുന്ന ഭാഗമാകട്ടെ യാത്രക്കാര്‍ക്ക് ശ്വാസം മുട്ടുന്ന രീതിയിലുമാണ്. കെട്ടിടത്തിലെ കോണ്‍ക്രീറ്റ് സ്ളാബുകള്‍ക്ക് മതിയായ കട്ടിയില്ല, ഉപയോഗിച്ച കമ്പിയും യോജിച്ചതല്ല. സ്ട്രക്ചറല്‍ ഡ്രോയിംഗില്‍ തന്നെ ഇത്തരം പ്രശ്നങ്ങള്‍ വ്യക്തമായിരുന്നിട്ടും നിര്‍മാണത്തിന് സാങ്കേതിക അനുമതി എങ്ങനെ കൊടുത്തെന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. 

സ്ട്രക്ചറല്‍ ഡ്രോയിംഗ് കാണാതെ സാങ്കേതിക അനുമതി കൊടുത്തെന്നാണ് പ്രാഥമിക അന്വേഷണത്തിലെ അനുമാനം. അങ്ങനെയെങ്കില്‍ ഈ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടാകാം. ഇക്കാര്യത്തില്‍ വ്യക്തത വരാന്‍ ആര്‍ക്കിടെക്ട് ആര്‍.കെ രമേഷിനും കെടിഡിഎഫ്സിയുടെ അന്നത്തെ ചീഫ് എന്‍ജിനീയര്‍ എസ്ആര്‍ജെ നവകുമാറിനുമെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണം. ആര്‍കെ രമേഷിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സ്ട്രക്ചറല്‍ ഡിസൈന്‍ പരിശോധിച്ച കൊച്ചി ആസ്ഥാനമായ റൈറ്റ്സ് സെര്‍വ് എന്ന ഏജന്‍സിയെക്കുറിച്ചും അന്വേഷണം വേണം. നിര്‍മാണത്തിലെ അപാകതയില്‍ കരാറുകാരന് പങ്കുണ്ടോയെന്നും പരിശോധിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിർമ്മാണത്തിൽ ക്രമക്കേട്, കരാറുകാരുമായി ഒത്തുകളി: കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

കെട്ടിടം സുരക്ഷിതമല്ലെന്ന് ചൈന്നെ ഐഐടി റിപ്പോര്‍ട്ട് അക്കമിട്ടുനിരത്തി പറ‍ഞ്ഞ കാര്യങ്ങള്‍ പരിഗണിച്ച് ടെര്‍മിനലിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ഷാജി വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തിലുളള സംഘം നാലു മാസത്തോളമെടുത്താണ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയത്. ആര്‍കെ രമേശ്, എസ്ആര്‍ജെ നവകുമാര്‍ എന്നിവരുള്‍പ്പെടെ 11 പേരുടെ മൊഴിയെടുത്ത സംഘം കെട്ടിടത്തിനുണ്ടായ ബലക്ഷയം സംബന്ധിച്ച വിവിധ തെളിവുകളും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

അതേസമയം, ചെന്നൈ ഐഐടി റിപ്പോര്‍ട്ടിന്‍റെ ആധികാരികത പരിശോധിക്കാനായി കെഎസ്ആര്‍ടിസിയുടെ നിര്‍ദ്ദേശമനുസരിച്ച് അഞ്ചംഗ വിധഗ്ധ സമിതിയെ നിയോഗിച്ച സര്‍ക്കാര്‍ വിജിലന്‍സ് റിപ്പോര്‍ട്ടിന്‍മേല്‍ എന്ത് തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.

click me!