ശബരിമല ശിൽപ വിവാദം: ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും വാസുദേവനെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് ദേവസ്വം വിജിലൻസ്

Published : Sep 30, 2025, 11:52 AM ISTUpdated : Sep 30, 2025, 01:28 PM IST
unnikrishnan potty

Synopsis

ചെമ്പ് പാളി മാത്രമാണ് കൈമാറിയത് എന്ന പോറ്റിയുടെ വാദത്തിൽ അവ്യക്തത ഉണ്ടെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ ഭാരം കുറഞ്ഞതിൽ അന്വേഷണം ഊർജിതമാക്കാൻ ദേവസ്വം വിജിലൻസ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും വാസുദേവനെയും ചോദ്യം ചെയ്യാനാണ് തീരുമാനം. ചെമ്പ് പാളി മാത്രമാണ് കൈമാറിയത് എന്ന പോറ്റിയുടെ വാദത്തി്‍ അവ്യക്തത ഉണ്ടെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. നാലു കിലോ തൂക്കം ആണ് ശില്പത്തിന് കുറവുണ്ടായത്. സ്വർണ്ണപീഠം കാണാതായതിൽ ഇരുവരെയും പ്രതിയാക്കുന്നതിൽ തീരുമാനം പിന്നീടാകുമെന്നും വിജിലൻസ് വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡും ആവശ്യപ്പെട്ടു.  ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ വീണ്ടും സമീപിക്കും. പോറ്റി ദുരൂഹമായ വ്യക്തിത്വത്തിന് ഉടമയെന്ന് ദേവസ്വം ബോർഡ് പറയുന്നു. ഇയാളുടെ പശ്ചാത്തലം പരിശോധിക്കണം. 

അതേസമയം,  ശബരിമലയിൽ വഴിപാടായി നൽകിയ സ്വർണ്ണപീഠം സ്പോൺസറുടെ വീട്ടിൽനിന്ന് തന്നെ കണ്ടെത്തിയ സംഭവം ദേവസ്വം ബോർഡിന്റെ ഗുരുതര വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. നടയ്ക്കുവയ്ക്കുന്ന അമൂല്യ വസ്തുക്കളുടെ തൂക്കം കൃത്യമാക്കി മഹസർ തയ്യാറാക്കി സ്ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്ന നിബന്ധന അട്ടിമറിക്കപ്പെടുന്നു. ഹൈക്കോടതി പ്രഖ്യാപിച്ച അന്വേഷണം സ്പോൺസർമാർക്ക് പിന്നിലെ ബെനാമി ഇടപാടുകളിലേക്കും നീങ്ങുമെന്നാണ് സൂചന.

കാണാനില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണപീഠം സ്വന്തം വീട്ടിൽ നിന്ന് തന്നെ കണ്ടെത്തുന്നു. സുഹൃത്ത് വാസുദേവനെ സംശയത്തിൽ നിർത്തിയുള്ള ന്യായീകരണം. പിന്നീട് ഓർമ്മക്കുറവ് എന്ന പച്ചക്കള്ളം. സ്പോൺസർ ഈ വിധം ഉരുണ്ടു കളിക്കുമ്പോൾ ദേവസ്വം ബോർഡിനും തെളിവുകൾ നിരത്തി സത്യമെന്തെന്ന് പറയാൻ കഴിയുന്നില്ല. എല്ലാം ഗൂഢാലോചന എന്ന് പറഞ്ഞ് ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡൻ്റും സ്വന്തം ഭാഗം ന്യായീകരിക്കുമ്പോൾ ചോദ്യങ്ങൾ ഒരുപാടുണ്ട്. സ്വർണ്ണവും രത്നവും അടക്കം അമൂല്യ വസ്തുക്കൾ ശബരിമലയിൽ വഴിപാടായി ലഭിച്ചാൽ അത് സൂക്ഷിക്കാനും കർശന നിബന്ധനകൾ ഉണ്ട്. 

അളവും തൂക്കവും മൂല്യവും കണക്കാക്കി ഇൻഷ്വർ ചെയ്ത് സ്ട്രോങ്ങ് റൂമിലേക്ക് മാറ്റണം. ഓരോന്നിനും പ്രത്യേകം മഹസർ അഥവാ രേഖ തയ്യാറാക്കണം. ഏതുസമയത്തും ഈ രേഖ അടിസ്ഥാനമാക്കി സ്ട്രോങ്ങ് റൂമിൽ പരിശോധന നടത്താം. മാത്രമല്ല രസീത് എഴുതി ഒരു ഭാഗം വഴിപാടുകാരനും നൽകും. സ്വർണ്ണ പീഠങ്ങളുടെ കാര്യത്തിൽ ഇതെല്ലാം അട്ടിമറിക്കപ്പെട്ടു എന്ന് വ്യക്തം. 

ദ്വാര പാലക ശില്പങ്ങളുടെ സ്വർണ്ണ താങ്ങ് പീഢങ്ങളുടെ നിറംമങ്ങിയപ്പോഴാണ് പുതിയതായി രണ്ട് പീഠങ്ങൾ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി കൊടുത്തയച്ചത്. ശില്പത്തിൽ ചാർത്തിയ ശേഷമാണ് അളവിൽ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോർഡ് സ്പോൺസറെ അറിയിക്കുന്നത്. സന്നിധാനത്ത് എത്തിയ സ്വർണ്ണ ഉരുപ്പടിക്ക് എന്തായാലും രേഖയുണ്ടാകണം. അത് ചേർച്ച ഇല്ലാത്തതിനാൽ ഉണ്ണികൃഷ്ണൻ പോറ്റി യുടെ സഹായി വാസുദേവന്റെ പക്കൽ കൊടുത്തു വിട്ടെങ്കിൽ അതിനും രേഖയുണ്ടാകണം. കോടതി നിർദേശപ്രകാരം ദേവസ്വം വിജിലൻസ് നടത്തിയ ആദ്യ പരിശോധനയിൽ അത്തരം രേഖകൾ ഒന്നും കണ്ടെത്താനായില്ല.

സ്വർണ്ണപീഠങ്ങൾ സന്നിധാനത്ത് എത്തിയ കാര്യവും അത് ചേർച്ച ഇല്ലാത്തതിനാൽ മാറ്റിവെച്ച കാര്യവും അന്നത്തെ ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ സ്ഥിരീകരിക്കുന്നുണ്ട്. പിന്നീട് എന്ത് സംഭവിച്ചു എന്നതിൽ അന്വേഷണം നടക്കട്ടെ എന്നാണ് പത്മകുമാറിൻ്റെ ന്യായം. എന്തായാലും സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പശ്ചാത്തലം സംബന്ധിച്ച് ഹൈക്കോടതിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ട്. 

സ്പോൺസർഷിപ്പിലെ കർശന നിബന്ധനകൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി ദേവസ്വം ബോർഡ് അട്ടിമറിച്ചെങ്കിൽ പിന്നിൽ ശക്തമായ കരങ്ങളുണ്ടെന്ന് ഉറപ്പാണ്. 2019 ൽ ദ്വാരപാലക ശില്പങ്ങളിൽ സ്വർണ്ണം പൂശിയതിൽ തുടങ്ങി ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അറ്റകുറ്റപ്പണിക്കായി സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയതിൽ അടക്കം കോടതിക്ക് സംശയങ്ങൾ ഏറെയുണ്ട്. ജസ്റ്റിസ് കെ.ടി. ശങ്കരൻ കമ്മീഷന്റെ കണ്ടെത്തലുകൾ കോളിളക്കം ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ