
കൊച്ചി: ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാതെ വൈകിപ്പിക്കുന്ന നടപടിയിൽ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. വരുന്ന അഞ്ച് പ്രവര്‍ത്തി ദിവസത്തിനുള്ളിൽ യോഗേഷ് ഗുപ്തയ്ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നൽകണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് സര്‍ട്ടിഫിക്കറ്റ് നൽകേണ്ടതെന്നാണ് സിഎടി നിര്‍ദേശം. അടുത്തിടെയാണ് യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിൽ നിന്ന് മാറ്റി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചത്. കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിനാവശ്യമായ വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചതിനാണ് സംസ്ഥാന സര്‍ക്കാരിനെതിരെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ഡിജിപി റാങ്കിലുള്ള യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏഴു സ്ഥലമാറ്റമാണ് യോഗേഷ് ഗുപ്തക്ക് ലഭിച്ചത്. അതിൽ ഏറ്റവും ഒടുവിലത്തേത്താണ് റോഡ് സുരക്ഷാ കമ്മീഷണറായുള്ള സ്ഥലം മാറ്റം.2022ലാണ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് യോഗേഷ് ഗുപ്ത കേരളത്തിലെത്തുന്നത്. ബെവ്കോ എംഡിയായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് പൊലീസ് പരിശീലന വിഭാഗം അഡീഷണൽ ഡയറക്ടര്‍ ജനറൽ, പൊലീസ് അക്കാദമി ഡയറക്ടര്‍, സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എഡിജിപി, ബെവ്കോ എംഡി, വിജിലന്‍സ് മേധാവി, ഫയര്‍ഫോഴ്സ് മേധാവി എന്നിവിടങ്ങളിലേക്കും സ്ഥലം മാറ്റിയിരുന്നു.കേരളം വിട്ട് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പദവിയിലേക്ക് മാറാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ഉള്‍പ്പെടെ യോഗേഷ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇനിയും ഇക്കാര്യം അംഗീകരിച്ചിട്ടില്ല. ഇതിനിടെയാണ് യോഗേഷിന് അനുകൂലമായി സിഎടി വിധി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam